ക്ലോപ്പിനെ തെറിവിളിച്ചതിൽ ഖേദമുണ്ടെന്ന് ലംപാർഡ്‌, മറുപടി കൊടുത്ത് ക്ലോപ്പ്

ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിനെ മോശമായ വാക്കുപയോഗിച്ച് തെറിവിളിച്ചതിൽ ഖേദമുണ്ടെന്ന് ചെൽസി പരിശീലകൻ ലംപാർഡ്. പക്ഷേ ആ സംഭവത്തിൽ മാപ്പ് പറയാനില്ലെന്നും ഉപയോഗിച്ച ഭാഷ മോശമായിപ്പോയെന്നാണ് താൻ പറയുന്നതെന്നും ലംപാർഡ് വ്യക്തമാക്കി. അതേസമയം ലംപാർഡ് ഇനിയും കുറേ കാര്യങ്ങൾ പഠിക്കാനുണ്ട് എന്നായിരുന്നു ക്ലോപ്പിൻ്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.

സംഭവം ഇങ്ങനെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുപ്പത്തിയേഴാം റൗണ്ടിൽ ചെൽസിയും ലിവർപൂളും ഏറ്റുമുട്ടിയ മത്സരത്തിനിടക്കാണ് സംഭവങ്ങളുടെ തുടക്കം. ടെക്നിക്കൽ ഏരിയയിൽ നിന്നുകൊണ്ട് കോപ്പും ലംപാർഡും വാക്പോരിൽ ഏർപ്പെട്ടു. ഇതിനിടെ ലംപാർഡ് ക്ലോപ്പിനെതിരെ വളരെ മോശം പദപ്രയോഗം നടത്തി. ഇതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മത്സരശേഷം തനിക്ക് ക്ലോപ്പുമായി ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം തൻ്റെ ടീമിനെ നല്ല രീതിയിലാണ് മാനേജ് ചെയ്തതെന്നും പറഞ്ഞ ലംപാർഡ് പക്ഷേ ലിവർപൂളിൻ്റെ ബെഞ്ചിലിരുന്ന കോച്ചിംഗ് സ്റ്റാഫാണ് പ്രശ്നങ്ങളുണ്ടാക്കിയത് എന്നാരോപിച്ചു. അവർ മത്സരം വിജയിച്ചു, ലീഗ് കിരീടവും നേടി, പക്ഷേ അതിൻ്റെ പേരിൽ ഇത്രയും ധിക്കാരം കാണിക്കരുത് എന്നും ലംപാർഡ് അന്ന് പറഞ്ഞിരുന്നു.

ലംപാർഡിൻ്റെ ഖേദ പ്രകടനം

ഇന്നലെ പ്രീമിയർ ലീഗിലെ അവസാന മത്സരത്തിന് മുന്നോടിയായി നടന്ന പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ലംപാർഡിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: “സത്യസന്ധമായി പറഞ്ഞാൽ ആ വീഡിയോ ഞാൻ കണ്ടു, അതിൽ ഉപയോഗിച്ച ഭാഷയിൽ എനിക്ക് ഖേദമുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രണ്ട് പെൺമക്കൾ എനിക്കുമുണ്ട് എന്നത് എന്നെ അലട്ടുന്നുണ്ട്. എന്നാൽ എൻ്റെ ടീമിനെ പ്രതിരോധിക്കാനായി ഞാൻ നടത്തിയ ശ്രമത്തിൽ ഒരു ഖേദവുമില്ല”.

ക്ലോപ്പിൻ്റെ മറുപടി

പ്രീമിയർ ലീഗിലെ അവസാന മത്സരത്തിന് മുന്നോടിയായി നടന്ന പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ ഇതിനെക്കുറിച്ച് യർഗൻ ക്ലോപ്പ് പറഞ്ഞത് ഇങ്ങനെ: “ഈ തരത്തിൽ എന്നെയോ എൻ്റെ ബെഞ്ചിനോയൊ ആക്രമിക്കാമെന്ന് ആരും കരുതേണ്ട, കാരണം ഞങ്ങൾ ധിക്കാരികളല്ല. എൻ്റെ അഭിപ്രായത്തിൽ ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് തോന്നുന്നതെല്ലാം പറയാം, പക്ഷേ മത്സരം അവസാനിക്കുന്നതോടെ അത് അവിടെ തീരണം. മുമ്പ് ഞാനും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്, അതൊക്കെ വൈകാരിക പ്രകടനം മാത്രമാണ്. ലംപാർഡ് ഇവിടെ വന്നത് പോയിൻ്റുകൾ നേടാനും അതുവഴി തൻ്റെ ടീമിന് ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിക്കാനുമാണ്, അതിനെ ഞാൻ ബഹുമാനിക്കുന്നു. പഷേ കളിയുടെ അവസാന വിസിൽ മുഴങ്ങിയാൽ അതവിടെ തീരണം, എന്നാൽ അതുണ്ടായില്ല. ഇക്കാര്യങ്ങൾ ലംപാർഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മത്സര സമയത്ത് നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം അതിന് ശേഷം പറയുന്നത് മോശമാണ്. ഫ്രാങ്ക് ഒരു യുവ പരിശീലകനാണ്, ഇതൊക്കെ പഠിക്കാൻ ഇനിയും സമയമുണ്ട്. ഇതിനെക്കുറിച്ച് മത്സര ശേഷം സംസാരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.. എന്നാൽ അദ്ദേഹം ഇങ്ങനെ പറയുമ്പോൾ ഒരു വിശദീകരണം നൽകൽ ആവശ്യമാണ് എന്നതിനാലാണ് ഞാനിത് പറയുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *