ക്ലോപിന് സമ്മതം, തിയാഗോ ലിവർപൂളിലേക്ക്?

ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോ അൽകാന്ററയെ ലിവർപൂളുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. താരത്തെ ക്ലബിൽ എത്തിക്കാൻ ലിവർപൂൾ ചർച്ചകൾ ആരംഭിച്ചിരുന്നുവെങ്കിലും പരിശീലകൻ യുർഗൻ ക്ലോപിന് വലിയ തോതിലുള്ള താല്പര്യങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ ഇന്ന് പുറത്തു വന്ന വാർത്തകൾ പ്രകാരം താരത്തെ ടീമിലെത്തിക്കാൻ ക്ലോപ് സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. ജർമ്മൻ മാധ്യമമായി ബിൽഡിനെ ഉദ്ധരിച്ചു കൊണ്ട് ഡെയിലിമെയിൽ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ക്ലോപ് അംഗീകരിച്ചതിനാൽ ട്രാൻസ്ഫർ ഉടനടി നടന്നേക്കുമെന്നും അറിയാൻ കഴിയുന്നുണ്ട്. എന്നാൽ വിലത്തർക്കമാണ് ഇരുടീമുകളെയും ധാരണയിൽ എത്തുന്നതിന് തടസമായി നിൽക്കുന്നത്. ഇരുപത്തിയൊമ്പതുകാരനായ താരം ബയേണുമായി കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു. ബയേൺ വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് താരത്തിന് താല്പര്യം.

താരത്തിന് വേണ്ടി മുപ്പത്തിയാറു മില്യൺ പൗണ്ടാണ് ബയേൺ ആവിശ്യപ്പെടുന്നത്. എന്നാൽ ഇരുപത്തിമൂന്ന് മില്യൺ പൗണ്ടിനേക്കാൾ കൂടുതൽ തരാൻ സാധിക്കില്ലെന്ന നിലപാടിലാണ് ലിവർപൂൾ. മറ്റുള്ള നിബന്ധനകൾ ഒക്കെ തന്നെയും ക്ലബുകളും താരവും അംഗീകരിച്ചതായും റിപ്പോർട്ട്‌ പറയുന്നുണ്ട്. എന്നാൽ വിലയിൽ മാത്രമാണ് ഇരുടീമുകൾക്കും ധാരണയിൽ എത്താനാവാതെ പോയത്. 2013-ൽ ബാഴ്‌സയിൽ നിന്നാണ് തിയാഗോ ബയേണിൽ എത്തിയത് ആകെ 231 മത്സരങ്ങൾ ബയേണിന് വേണ്ടി താരം കളിച്ചു. 31 ഗോളുകൾ സ്വന്തം പേരിൽ കുറിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരത്തെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കുമെന്ന് ഹാൻസി ഫ്ലിക്ക് അറിയിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന നിലക്ക് എല്ലായിടത്തും കളിക്കാൻ തിയാഗോ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം അറിയാമെന്നും, എന്നിരുന്നാലും താരത്തെ നിലനിർത്താൻ പരമാവധി ശ്രമിക്കുമെന്ന് ബയേൺ ബോസ് ഹാൻസി ഫ്ലിക്ക് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *