ക്ലബ് വിടണമെന്നറിയിച്ച് ഹാരി കെയ്ൻ,വമ്പൻമാർ രംഗത്ത്!

ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ തനിക്ക് ക്ലബ് വിടണമെന്നുള്ള ആവിശ്യം ക്ലബ്ബിനെ അറിയിച്ചു. ഈ സീസണിന് ശേഷം തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്നാണ് ഹാരി കെയ്ൻ സ്പർസിനോട് ആവിശ്യപ്പെട്ടത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ 2024 വരെ കെയ്നിന് ടോട്ടൻഹാമുമായി കരാറുണ്ടെങ്കിലും ഈ സീസണിന് ശേഷം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് കെയ്ൻ ആഗ്രഹിക്കുന്നത്.

ടോട്ടൻഹാമിന്റെ കിരീടവരൾച്ചയും മോശം പ്രകടനവുമാണ് താരത്തെ ഈയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. പലപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ സ്പർസിന് കഴിയാത്തത് കെയ്നിനെ നിരാശനാക്കിയിരുന്നു.

പ്രീമിയർ ലീഗിലെ തന്നെ ഏതെങ്കിലും മികച്ച ക്ലബ്ബുകളിലേക്ക് ചേക്കേറാനാണ് ഇംഗ്ലീഷ് ക്യാപ്റ്റന് ആഗ്രഹം. താരത്തിന് വേണ്ടി പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർ താരത്തിന് വേണ്ടി ശ്രമിച്ചേക്കുമെന്നാണ് ഗോൾ ഡോട്ട് കോം ചൂണ്ടിക്കാണിക്കുന്നത്. ഈ മൂന്ന് ക്ലബുകളും തങ്ങളുടെ മുന്നേറ്റനിരയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

ഏതായാലും താരത്തിന് വേണ്ടി നല്ലൊരു തുക ടോട്ടൻഹാം ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. തനിക്ക് കിരീടനേട്ടങ്ങളിൽ പങ്കാളിയാവാൻ ആഗ്രഹമുണ്ടെന്നുള്ള കാര്യം കെയ്ൻ മുമ്പ് തന്നെ തുറന്നു പറഞ്ഞിരുന്നു.ഈ സീസണിൽ 47 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും 16 അസിസ്റ്റുകളും താരം നേടിയിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ചർച്ചാവിഷയം ഹാരി കെയ്ൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *