ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുമോ? തുറന്ന് പറഞ്ഞ് ഏജന്റ്!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രൂപത്തിലാണ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ 14 ഗോളുകൾ നേടാൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബേൺലിക്കെതിരെയുള്ള മത്സരത്തിലും ക്രിസ്റ്റ്യാനോ ഗോളും അസിസ്റ്റും നേടിയിരുന്നു.

എന്നിരുന്നാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റി ചില ട്രാൻസ്ഫർ റൂമറുകൾ ഈയിടെ പ്രചരിച്ചിരുന്നു. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹാപ്പിയല്ലെന്നും അദ്ദേഹം ക്ലബ് വിടാൻ ആലോചിക്കുന്നു എന്നുമായിരുന്നു റൂമറുകൾ. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ഏജന്റായ ജോർഗെ മെൻഡസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ വളരെയധികം സന്തോഷവാനാണെന്നും അദ്ദേഹം ക്ലബ് വിടില്ല എന്നുമാണ് മെൻഡസ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം സന്തോഷവാനാണ്.അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളം പുറത്തെടുത്തിട്ടുള്ള മികച്ച പ്രകടനം അദ്ദേഹം ഈ സീസണിലും തുടരുമെന്നുള്ള കാര്യത്തിൽ സംശയം വേണ്ട.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച സീസണായിരിക്കുമെന്നുള്ള കാര്യം എനിക്കുറപ്പാണ് ” ഇതാണ് മെൻഡസ് അറിയിച്ചിട്ടുള്ളത്.

താരത്തെ ബാഴ്‌സയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ ഈയിടെ സ്പാനിഷ് മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.എന്നാൽ മെൻഡസിന്റെ പ്രസ്താവനയോട് കൂടി ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുമെന്നുള്ള റൂമറുകൾക്ക് വിരാമമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *