ക്രിസ്റ്റ്യാനോയുടെ പിൻഗാമി അർജന്റൈൻ സൂപ്പർ താരം: തോമസ് കുഷാക്ക് പറയുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവ് നല്ല രീതിയിലല്ല അവസാനിച്ചത്. അതുകൊണ്ടുതന്നെ യുണൈറ്റഡ് അദ്ദേഹത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യുകയും റൊണാൾഡോ സൗദിയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. എന്നിരുന്നാലും റൊണാൾഡോ യുണൈറ്റഡിൽ കുറിച്ച ചരിത്രങ്ങൾ അവിടെ മായാതെ കിടപ്പുണ്ട്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനമാണ് അവരുടെ അർജന്റൈൻ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ നടത്തിക്കൊണ്ടിരിക്കുന്നത്. റൊണാൾഡോ ക്ലബ്ബ് വിട്ടതിനുശേഷം യുണൈറ്റഡിന്റെ ഐതിഹാസികമായ ഏഴാം നമ്പർ ജേഴ്സി ഇതുവരെ ആരും ധരിച്ചിട്ടില്ല. അടുത്ത സീസണിൽ ഗർനാച്ചോക്ക് അത് നൽകുമെന്നുള്ള വാർത്തകൾ സജീവമാണ്. ഏതായാലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരവുമായിരുന്ന തോമസ് കുഷാക്ക് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ പിൻഗാമിയാവാൻ ഗർനാച്ചോക്ക് സാധിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കുഷാക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം പ്രഹര ശേഷിയുള്ള ഒരു താരമാണ് ഗർനാച്ചോ.തീർച്ചയായും റൊണാൾഡോയെയും അദ്ദേഹത്തെയും താരതമ്യം ചെയ്യുന്നത് നല്ല ഒരു കാര്യമാണ്.അദ്ദേഹത്തിന് ടീമിലെ ഒരു ലീഡറായി മാറാൻ സാധിക്കും.യുവതാരമായി യുണൈറ്റഡിൽ കളിച്ച റൊണാൾഡോക്കും ഇപ്പോഴത്തെ ഗർനാച്ചോക്കും ഒരുപാട് സാമ്യതകൾ ഉണ്ട്. വളരെയധികം മതിപ്പ് ഉണ്ടാക്കുന്ന ടെക്നിക്ക് അദ്ദേഹത്തിനുണ്ട്. റൊണാൾഡോയെ അദ്ദേഹത്തിന്റെ സഹതാരങ്ങൾ അക്കാലത്ത് വളരെയധികം സഹായിച്ചിരുന്നു.ഗർനാച്ചോക്കും ക്രിസ്റ്റ്യാനോയെ പോലെയാവാൻ സാധിക്കും. യുണൈറ്റഡിലെ റൊണാൾഡോയുടെ പിൻഗാമിയാവാൻ സാധിക്കും. പക്ഷേ ഇനിയും അദ്ദേഹം ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. അടുത്ത കുറച്ച് സീസണുകളിൽ അദ്ദേഹം എങ്ങനെ ഡെവലപ്പ് ചെയ്യും എന്നുള്ളതാണ് ഞാൻ നോക്കി കാണുന്നത് ” ഇതാണ് തോമസ് കുഷാക്ക് പറഞ്ഞിട്ടുള്ളത്.

2006 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോക്കൊപ്പം ചിലവഴിച്ച താരമാണ് തോമസ് കുഷാക്ക്.അതേസമയം ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആകെ 34 മത്സരങ്ങളാണ് ഗർനാച്ചോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് അഞ്ചു ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്ത സീസണിൽ കൂടുതൽ മികവുറ്റ പ്രകടനം താരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *