ക്രിസ്റ്റ്യാനോക്ക് വിശ്രമം ആവിശ്യമില്ല : വ്യക്തമാക്കി റാൾഫ്!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്.ഇന്ന് രാത്രി ഇന്ത്യൻ സമയം പതിനൊന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ വോൾവ്‌സാണ് യുണൈറ്റഡിന്റെ എതിരാളികൾ.യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്നുറപ്പാണ്. അടുത്ത മാസത്തോട് കൂടി 37 വയസ്സാവുന്ന താരം എട്ട് ദിവസത്തിനിടെ കളിക്കുന്ന മൂന്നാമത്തെ മത്സരമായിരിക്കും ഇത്. മാത്രമല്ല യുണൈറ്റഡിന്റെ 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 16 മത്സരത്തിലും റൊണാൾഡോ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് വിശ്രമം നൽകി കൊണ്ട് കവാനിക്ക് അവസരം നൽകണമെന്ന് ആവശ്യം ഉയർന്നുവരുന്നുണ്ട്.

എന്നാൽ ഇതിനോട് യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോക്ക് വിശ്രമം അനുവദിക്കേണ്ട യാതൊരുവിധ കാരണങ്ങളും താനിപ്പോൾ കാണുന്നില്ലെന്നും അദ്ദേഹം മത്സരത്തിന് തയ്യാറാണ് എന്നുമാണ് റാൾഫ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം നൽകാനുള്ള യാതൊരു വിധ കാരണങ്ങളും ഞാൻ കാണുന്നില്ല.ശാരീരികമായി അദ്ദേഹം തയ്യാറാണ്.എല്ലാ കാര്യവും അദ്ദേഹം ചെയ്യുന്നുണ്ട്.ഒരു ടോപ് പ്രൊഫഷണലാണ് ക്രിസ്റ്റ്യാനോ.സ്വന്തം ശരീരത്തെ അദ്ദേഹം നന്നായി പരിപാലിക്കുന്നുണ്ട്. ഭക്ഷണകാര്യങ്ങളിൽ അദ്ദേഹം നല്ല രൂപത്തിൽ ശ്രദ്ധചെലുത്തുന്നുണ്ട്.36-ആം വയസ്സിൽ ഇത്തരത്തിലുള്ള ഒരു താരത്തെ ഞാനിതുവരെ കണ്ടിട്ടില്ല. ഒരുപക്ഷെ സ്ലാട്ടൻ അവിടെയുണ്ട്.അദ്ദേഹത്തിന് ക്രിസ്റ്റ്യാനോയേക്കാൾ വയസ്സുമുണ്ട്. പക്ഷേ അദ്ദേഹം ക്രിസ്റ്റ്യാനോയിൽ നിന്നും വ്യത്യസ്തനായ താരമാണ്.എട്ട് ദിവസത്തിനിടയിൽ മൂന്ന് മത്സരങ്ങൾ കളിക്കുന്നതിൽ ക്രിസ്റ്റ്യാനോക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കാണുന്നില്ല.ഇനി അദ്ദേഹത്തിന് എപ്പോഴെങ്കിലും വിശ്രമം ആവശ്യമായി വന്നാൽ അത് നൽകാനും ഞാൻ തയ്യാറാണ് ” റാൾഫ് പറഞ്ഞു.

നിലവിൽ ഈ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്‌കോറർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.14 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!