കൊറോണയെ ടീമിലെത്തിക്കാൻ ചെൽസി

ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കി ടീം ബലപ്പെടുത്താനൊരുങ്ങുകയാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. ട്രാൻസ്ഫർ ബാൻ മാറിയിരുന്നുവെങ്കിലും കഴിഞ്ഞ ജാലകത്തിൽ ആരെയും ചെൽസി ടീമിൽ എത്തിച്ചിരുന്നില്ല. അതിന്റെ ക്ഷീണം ഈ വിൻഡോയിൽ തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ലംപാർഡ് ലക്ഷ്യമിട്ട താരങ്ങളിൽ പ്രധാനിയായിരുന്നു ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം ജേഡൻ സാഞ്ചോ. നൂറ് മില്യൺ പൗണ്ടോളമാണ് താരത്തിന്റെ വിലയായി ബൊറൂസിയ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ചെൽസി ഇത്രയും തുക താരത്തിന് മുടക്കാൻ തയ്യാറല്ല എന്ന് മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായി കരാറിന്റെ വക്കിലെത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ നീക്കം ഉപേക്ഷിച്ച ലംപാർഡ് പകരമായി മറ്റൊരു താരത്തെയാണ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. പോർട്ടോയുടെ വിങ്ങറായ ജീസസ് കൊറോണയെയാണ് ഇപ്പോൾ ബ്ലൂസ് ടീമിലെത്തിക്കാനൊരുങ്ങുന്നത്.

പോർട്ടോക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ സീസണിൽ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ രണ്ട് ഗോളും പതിനേഴു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം അറ്റാക്കിങ്ങിലും കൂടുതൽ മികവ് പുലർത്തുന്നു എന്നുള്ളതാണ് ലംപാർഡിനെ താരത്തിൽ ആകൃഷ്ടനാക്കിയത്. ഏകദേശം ഇരുപത്തിയാറ് മില്യൺ പൗണ്ടോളമായിരിക്കും താരത്തിന് വേണ്ടി ചെൽസി ചിലവഴിക്കേണ്ടി വരിക. ഈ സീസണോടെ കരാർ അവസാനിക്കുന്ന വില്യനും പെഡ്രോയും ടീം വിട്ടേക്കും. അത്കൊണ്ട് തന്നെ പകരക്കാരെ ചെൽസിക്ക് ആവിശ്യമാണ്. അയാക്സിന്റെ മിന്നും താരം സിയെച്ചിനെ ചെൽസിയിലെത്തിച്ചു കഴിഞ്ഞു. മാത്രമല്ല തങ്ങളുടെ മുൻ അക്കാദമി സ്റ്റാർ ആയിരുന്ന ജെറെമി ബോഗയെയും ചെൽസി ആവിശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സിരി എ ക്ലബായ സാസുവോളോയുടെ താരമാണ് ബോഗ.

Leave a Reply

Your email address will not be published. Required fields are marked *