കെയ്നിനും സണ്ണിനും തടയിടാൻ തിയാഗോ സിൽവയുണ്ട്, ആത്മവിശ്വാസത്തോടെ ലംപാർഡ് പറയുന്നു !

പ്രീമിയർ ലീഗിൽ നാളെ നടക്കുന്ന ഗ്ലാമർ പോരാട്ടങ്ങളിലൊന്നാണ് ചെൽസിയും ടോട്ടൻഹാമും തമ്മിൽ നടക്കുന്ന മത്സരം. നാളെ രാത്രി ഇന്ത്യൻ സമയം പത്ത് മണിക്ക് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഇരുടീമുകളും മികച്ച ഫോമിലാണ് എന്നുള്ളത് മത്സരം കടുക്കാൻ കാരണമായേക്കും. പോയിന്റ് ടേബിളിൽ ഒന്നാമതാണ് ടോട്ടൻഹാമെങ്കിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. ടോട്ടൻഹാമിന്റെ കുതിപ്പിൽ പ്രധാനപങ്കു വഹിക്കുന്ന രണ്ടു താരങ്ങളാണ് ഹാരി കെയ്‌നും ഹ്യൂങ് മിൻ സണ്ണും. ഈ രണ്ടു മുന്നേറ്റനിര താരങ്ങളും മികച്ച ഫോമിലാണ് കളിക്കുന്നത്. ഇരുവരും ചേർന്നു പതിനാറ് ഗോളുകളാണ് ഈ പ്രീമിയർ ലീഗിൽ അടിച്ചു കൂട്ടിയിട്ടുള്ളത്. എന്നാൽ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് ആത്മവിശ്വാസത്തിലാണ്. ഇരുവരെയും തടയിടാൻ പ്രതിരോധനിര താരം തിയാഗോ സിൽവക്ക്‌ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ലംപാർഡ് പറഞ്ഞത്. തിയാഗോ സിൽവയുടെ പരിചയസമ്പന്നതയും ലീഡർഷിപ്പും തങ്ങൾക്ക്‌ തുണയാവുമെന്നാണ് ലംപാർഡ് പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഹാരി കെയ്നിന്റെ കാര്യത്തിലേക്ക് വന്നാൽ, ലോകത്തെ ഒരുപാട് മികച്ച ഡിഫൻഡേഴ്‌സിന് പ്രശ്നം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ഞാൻ വിശ്വസിക്കുന്നത്, തിയാഗോയുടെ ക്വാളിറ്റിയും പൊസിഷനിങ്ങും പരിചയവും വെച്ച് കെയ്നിനെ കൈകാര്യം ചെയ്യാൻ തിയാഗോക്ക്‌ തന്നെ സാധിക്കുമെന്നാണ്. കൂടാതെ മറ്റുള്ള താരങ്ങളിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനവും മത്സരത്തിൽ നിർണായകമാണ്. കെയ്ൻ, സൺ തുടങ്ങിയ താരങ്ങൾക്കെതിരെ കളിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം ശ്രദ്ധയാണ്. സാഹചര്യങ്ങളെ വിദഗ്ദമായി കൈകാര്യം ചെയ്യാൻ ശ്രദ്ധ അനിവാര്യമാണ്. തിയാഗോക്ക്‌ അതിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവും മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവും ഞങ്ങൾക്ക്‌ തുണയാകും ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *