കെപക്ക് പകരക്കാരനാവാൻ അയാക്സിന്റെ ഗോൾകീപ്പറെ ടീമിലെത്തിക്കാൻ ചെൽസി

2018-ലായിരുന്നു അത്ലറ്റികോ ബിൽബാവോയിൽ വമ്പൻ തുകക്ക് കെപ അരിസബലാഗ ചെൽസിയുടെ ഗോൾകീപ്പറായി ചുമതലയേറ്റത്. എഴുപത്തിയൊന്ന് മില്യൺ പൗണ്ടായിരുന്നു താരത്തിന് വേണ്ടി നീലപ്പട അന്ന് ചിലവഴിച്ചത്. എന്നാൽ പ്രതീക്ഷിച്ച പോലെയുള്ള ഫലം ഈ രണ്ട് സീസണിനിടെ ചെൽസിക്ക് ലഭിച്ചില്ല എന്നതാണ് സത്യം. പലപ്പോഴും പിഴവുകൾ വരുത്തിയ താരം പ്രീമിയർ ലീഗിൽ അവസാനമായി കളിച്ച മത്സരത്തിൽ ഷെഫീൽഡിനോട് മൂന്ന് ഗോളുകളാണ് വഴങ്ങിയത്. ഇതോടെ താരത്തിന്റെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് ഇരയാവേണ്ടി വന്നു. ഇപ്പോഴിതാ താരത്തിന് പകരക്കാരനാവാൻ മറ്റൊരു ഗോൾകീപ്പറെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ചെൽസി. അയാക്സിന്റെ കാമറൂണിയൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെയാണ് ചെൽസിയിപ്പോൾ നോട്ടമിട്ടിരിക്കുന്നത്.

ഇരുപത്തിനാലുകാരനായ ഒനാന മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. താരത്തെ ഉടനടി തന്നെ ടീമിൽ എത്തിക്കാനാണ് ബ്ലൂസ് ലക്ഷ്യമിടുന്നത്. ഇരുപത്തിയാറു മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി പ്രതീക്ഷിക്കപ്പെടുന്ന തുക.താരത്തിന്റെ പ്രതിനിധികളുമായി ക്ലബ് അധികൃതർ ഇടയ്ക്കിടെ ചർച്ചകൾ നടത്താറുണ്ട് എന്നാണ് അറിവ്. താരത്തിന് പ്രീമിയർ ലീഗിലേക്ക് കൂടുമാറാൻ ആഗ്രഹമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. താരത്തിന്റെ വില, സാലറി എന്നിവക്ക് അനുസരിച്ചായിരിക്കും ചെൽസി തീരുമാനം കൈക്കൊള്ളുക. താരത്തെ വാങ്ങാൻ സാധിച്ചില്ല എങ്കിൽ ലോണിൽ എത്തിക്കാനും ബ്ലൂസ് പദ്ധതിയിടുന്നുണ്ട്. ഏതായാലും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

Leave a Reply

Your email address will not be published. Required fields are marked *