കാസെമിറോയെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്,ഓഫർ ഇതാ!

ദിവസങ്ങൾക്ക് മുമ്പായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയിൽ താല്പര്യമുണ്ട് എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. എന്നാൽ അദ്ദേഹത്തെ വിൽക്കാനുള്ള സാധ്യതയും കാസമിറോ പോവാനുള്ള സാധ്യതയും പലരും തള്ളിക്കളഞ്ഞിരുന്നു. പക്ഷേ കാര്യങ്ങൾ പുരോഗമിച്ചു കൊണ്ട് ഇപ്പോൾ കാസമിറോ യുണൈറ്റഡിൽ എത്തുന്നതിന്റെ തൊട്ടരികിലാണ്.

ഡി യോങ്,റാബിയോട്ട് എന്നിവർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഫലം കാണാതെ പോയതോടെയാണ് യുണൈറ്റഡ് കാസമിറോയിലേക്ക് തിരിഞ്ഞത്.യുണൈറ്റഡിന്റെ ഓഫർ കാസമിറോ പരിഗണിക്കുകയായിരുന്നു. അതായത് മാഡ്രിഡിൽ എല്ലാം നേടി കഴിഞ്ഞുവെന്നും ഇനി തനിക്ക് പുതിയ ഒരു ചലഞ്ച് വേണമെന്നുമാണ് കാസമിറോ ഇപ്പോൾ ചിന്തിക്കുന്നത്. മാത്രമല്ല യുണൈറ്റഡ് വാഗ്ദാനം ചെയ്ത ഉയർന്ന സാലറിയും താരത്തെ പ്രലോഭിപ്പിക്കുന്നുണ്ട്.

കാസമിറോ പോവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു മുന്നിൽ തടസ്സം നിൽക്കില്ല എന്നുള്ളതാണ് റയൽ മാഡ്രിഡിന്റെ നിലപാട്.ചുവാമെനി എത്തിയതോടുകൂടി ക്ലബ്ബിൽ തനിക്ക് പകരക്കാരനായി കഴിഞ്ഞുവെന്നും കാസമിറോ വിശ്വസിക്കുന്നുണ്ട്.ഏതായാലും ഉടൻതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യൺ യുറോയുടെ ഒരു ഓഫർ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് വേണ്ടി സമർപ്പിച്ചേക്കും. കൂടാതെ പത്ത് മില്യൺ ആഡ് ഓൺസുമുണ്ടാകും.ഈ ഓഫർ റയൽ മാഡ്രിഡ് സ്വീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഫുട്ബോൾ ലോകത്തെ എല്ലാ മാധ്യമങ്ങളും ജേണലിസ്റ്റുകളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

2026 വരെയുള്ള ഒരു കരാറാണ് യുണൈറ്റഡ് കാസമിറോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ കിട്ടാനുള്ള ഓപ്ഷൻ ഉണ്ട്. ഏതായാലും കാസമിറോ ഇനി ഈ സീസണിൽ യുണൈറ്റഡിൽ കളിക്കാനാണ് സാധ്യതകൾ കൂടുതൽ. എന്നാൽ ഖത്തർ വേൾഡ് കപ്പ് തൊട്ടുമുന്നിൽ നിൽക്കുന്ന കാസമിറോയുടെ ഈ കൂടുമാറ്റം ബ്രസീലിയൻ ആരാധകർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് മോശം ഫോമിൽ നിൽക്കുന്ന യുണൈറ്റഡിനെ തെരഞ്ഞെടുത്തത് പ്രതികൂലമായി ബാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *