കാര്യങ്ങൾ വ്യക്തമാവുന്നു, കൂട്ടീഞ്ഞോക്കായി ലിവർപൂളും രംഗത്ത്!
എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ബാഴ്‌സ പുതുതായി സ്വന്തമാക്കിയ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ ഇതുവരെ ക്ലബ്ബിന് സാധിച്ചിട്ടില്ല. വെയ്ജ് ബില്ലിലെ പ്രശ്നങ്ങളാണ് തടസ്സമായി നിൽക്കുന്നത്. അത്കൊണ്ട് തന്നെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിൽ ഒരാളായ കൂട്ടീഞ്ഞോയെ കൈവിടാൻ തന്നെയാണ് ബാഴ്‌സയുടെ തീരുമാനം.
കൂട്ടീഞ്ഞോയെ സംബന്ധിച്ചിടത്തോളം ബാഴ്‌സയിൽ കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല. പരിക്കും ഫോമൗട്ടും കാരണം വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് കൂട്ടീഞ്ഞോക്ക് ലഭിക്കാറുള്ളത്.കഴിഞ്ഞ രണ്ട് ലാലിഗ സീസണിൽ കേവലം 13 മത്സരങ്ങളിൽ മാത്രമാണ് കൂട്ടീഞ്ഞോ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അത്കൊണ്ട് തന്നെ താരവും അതൃപ്തനാണ്.ബാഴ്‌സ വിട്ടു കൊണ്ട് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് നിലവിൽ കൂട്ടീഞ്ഞോ താല്പര്യപ്പെടുന്നത്.
— Murshid Ramankulam (@Mohamme71783726) January 5, 2022
മുമ്പ് തന്നെ നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി രംഗത്ത് വന്നിരുന്നു. ന്യൂകാസിൽ യുണൈറ്റഡ്, എവെർട്ടൻ, ആഴ്സണൽ എന്നിവരൊക്കെ കൂട്ടീഞ്ഞോയിൽ താല്പര്യം അറിയിച്ച ക്ലബുകളായിരുന്നു.ഇതിന് പുറമേ രണ്ട് ക്ലബുകൾ കൂടി കൂട്ടീഞ്ഞോക്കായി രംഗത്ത് വന്നിട്ടുണ്ട്. താരത്തിന്റെ മുൻ ക്ലബായ ലിവർപൂളും സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയുമാണ് കൂട്ടീഞ്ഞോയെ ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
2013 മുതൽ 2018 വരെ ലിവർപൂളിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കൂട്ടിഞ്ഞോ.അന്നത്തെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുമെന്നാണ് ലിവർപൂൾ ഇപ്പോഴും വിശ്വസിക്കുന്നത്. അതേസമയം ലിവർപൂളിൽ കൂട്ടിഞ്ഞോയുടെ സഹതാരമായിരുന്ന സ്റ്റീവൻ ജെറാർഡാണ് ഇപ്പോൾ ആസ്റ്റൺ വില്ലയുടെ പരിശീലകൻ. ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂട്ടീഞ്ഞോയെ ടീമിലെത്തിക്കാൻ ഇദ്ദേഹം താൽപര്യപ്പെടുന്നുണ്ട്.ഏതായാലും ഫിലിപ്പെ കൂട്ടീഞ്ഞോ ഈ ജനുവരിയിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകൾ ദിനേനെ വർധിച്ചുവരികയാണ്.