കരാറിലെത്തി,ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി കൊണ്ട് യുണൈറ്റഡിലേക്ക് എത്തുന്നത് മെസ്സിയുമായി ഉടക്കിയ താരം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. റൊണാൾഡോയുടെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ ഇപ്പോൾ യുണൈറ്റഡിന് ആവശ്യമുണ്ട്. ഒരുപാട് താരങ്ങളെ യുണൈറ്റഡ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

ഇപ്പോഴിതാ ഡച്ച് സൂപ്പർ താരമായ വൂട്ട് വെഗോസ്റ്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ എത്തിയിട്ടുണ്ട്.നിലവിൽ ഇംഗ്ലീഷ് ക്ലബ്ബായ ബേൺലിയുടെ താരമാണ് വെഗോസ്റ്റ്. നിലവിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ ബെസിക്റ്റാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. യുണൈറ്റഡ് ഇപ്പോൾ ബേൺലിയുമായാണ് കരാറിൽ എത്തിയിരിക്കുന്നത്.

മൂന്ന് മില്യൺ യൂറോയാണ് വെഗോസ്റ്റിന് വേണ്ടി യുണൈറ്റഡ് ചിലവഴിക്കുക.ലോൺ അടിസ്ഥാനത്തിലാണ് താരം ക്ലബ്ബിലേക്ക് എത്തുക. പക്ഷേ പകരക്കാരനെ കണ്ടെത്താതെ ബെസിക്റ്റാസ്‌ താരത്തെ വിട്ട് നൽകില്ല എന്നുള്ള ഒരു പ്രശ്നം മാത്രമാണ് നിലവിൽ ഇവിടെ അവശേഷിക്കുന്നത്. ഉടൻതന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് വെഗോസ്റ്റ് ഏവരുടെയും ശ്രദ്ധ നേടിയത്. അർജന്റീനക്കെതിരെ പകരക്കാരനായി ഇറങ്ങിക്കൊണ്ട് വളരെ പെട്ടെന്ന് രണ്ട് ഗോളുകൾ നേടി കൊണ്ട് മത്സരം സമനിലയിൽ ആക്കാൻ വെഗോസ്റ്റിന് സാധിച്ചിരുന്നു.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടുകയായിരുന്നു. മത്സരത്തിനിടയിൽ തന്നെ ലയണൽ മെസ്സിയും വെഗോസ്റ്റും തമ്മിൽ ചെറിയ ഉടക്കുകൾ ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ലയണൽ മെസ്സി വെഗോസ്റ്റിനോട് വളരെയധികം ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വലിയ രൂപത്തിൽ വൈറലായിരുന്നു.

ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഈ ഡച്ച് സൂപ്പർ താരത്തിന് ഇപ്പോൾ സാധിക്കുന്നുണ്ട്. ബെസിക്റ്റസിന് വേണ്ടി ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *