ഒഫീഷ്യൽ : തിയാഗോ അൽകാൻട്ര ഇനി ലിവർപൂളിനൊപ്പം !

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ഒടുവിൽ ലിവർപൂൾ അത്‌ ഔദ്യോഗികമായി തന്നെ പുറത്തു വിട്ടു. ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോ അൽകാൻട്രയെ തങ്ങൾ സൈൻ ചെയ്തതായി ലിവർപൂൾ പ്രഖ്യാപിച്ചു. 25 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ആകെ റെഡ്സ് ചിലവഴിക്കേണ്ടി വരിക. നാലു വർഷത്തെ കരാറിലാണ് ഈ മധ്യനിര താരം പ്രീമിയർ ലീഗ് ചാമ്പ്യൻമാരുമായി ഒപ്പുവെച്ചിരിക്കുന്നത്. പേഴ്‌സണൽ ടെംസ് ഒക്കെ അംഗീകരിച്ച താരം മെഡിക്കൽ പൂർത്തിയാക്കിയതിന് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ആറാം നമ്പർ ജേഴ്സി തന്നെയായിരിക്കും താരം ലിവർപൂളിൽ അണിയുക. ലിവർപൂളിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് തിയാഗോ കൂട്ടിച്ചേർത്തു. തിയാഗോയുടെ വരവ് ലിവർപൂളിനെ കൂടുതൽ ശക്തരാക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹത്തായ ഒരു നീക്കമാണ് ലിവർപൂൾ നടത്തിയിരിക്കുന്നത് എന്നാണ് പരിശീലകൻ ക്ലോപ് അറിയിച്ചത്.

തന്റെ മുൻ ടീമുകൾക്കൊപ്പം നിരവധി ട്രോഫികൾ നേടികൊണ്ടാണ് ഈ ഇരുപത്തിയൊമ്പതുകാരന്റെ വരവ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ താരം നേടിയിട്ടുണ്ട്. ഏഴ് ബുണ്ടസ്‌ലിഗ, നാലു ലാലിഗ, രണ്ട് കോപ ഡെൽ റേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, നാലു ജർമ്മൻ കപ്പ്, മൂന്ന് ജർമ്മൻ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിവ ഈ മധ്യനിര താരത്തിന്റെ അക്കൗണ്ടിൽ ഉണ്ട്. ” ഇതൊരു മഹത്തായ അനുഭവമാണ്. ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു ഞാൻ ഇത്രയും കാലം കാത്തിരുന്നത്. എനിക്കിപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. വർഷങ്ങൾ കടന്നു പോവുമ്പോൾ കൂടുതൽ കൂടുതൽ വിജയങ്ങൾ നേടാൻ നിങ്ങൾ ആഗ്രഹിക്കും. അത്‌ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എനിക്കെന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കണം. സാധ്യമായത്ര കിരീടങ്ങൾ എനിക്കിവിടെ സ്വന്തമാക്കണം ” തിയാഗോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *