എന്ത് കൊണ്ടാണ് ടെൻ ഹാഗിന് ലിസാൻഡ്രോ പ്രിയപ്പെട്ടവനാകുന്നത്? സവിശേഷതകൾ അറിയാം!

അയാക്സിന്റെ അർജന്റൈൻ ലിസാൻഡ്രോ മാർട്ടിനസ് അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. 50 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിക്കുക. മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ലിസാൻഡ്രോ യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ഫാബ്രിസിയോ അറിയിച്ചിട്ടുള്ളത്.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗിന്റെ പ്രത്യേക താല്പര്യം പ്രകാരമാണ് ലിസാൻഡ്രോ യുണൈറ്റഡിൽ എത്തുന്നത്. ടെൻ ഹാഗിന് കീഴിൽ അയാക്സിൽ മികച്ച പ്രകടനം നടത്താൻ ഈ അർജന്റൈൻ സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏതായാലും ഈ താരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളത് സ്പോർട്സ് മെയിൽ വിശകലനം ചെയ്തിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

പ്രതിരോധ നിരയിൽ നിന്ന് തന്നെ അറ്റാക്കിങ് ആരംഭിക്കാൻ മിടുക്കനായ താരമാണ് ലിസാൻഡ്രോ മാർട്ടിനസ്. കൂടാതെ കൃത്യതയാർന്ന പാസിങ്ങും താരത്തിന്റെ സവിശേഷതയാണ്.വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് ലിസാൻഡ്രോ മാർട്ടിനസ്.മാത്രമല്ല പല പൊസിഷനുകളിലും അദ്ദേഹത്തെ ഉപയോഗപ്പെടുത്താം എന്നുള്ളതും ടീമിന് ഗുണകരമായ കാര്യമാണ്.

ലെഫ്റ്റ് സൈഡ് സെന്റർ ബാക്കായി കൊണ്ടാണ് താരം കളിക്കാറുള്ളത്. എന്നാൽ ഇതിന് പുറമേ ലെഫ്റ്റ് ബാക്കായി കൊണ്ടും ഡിഫൻസീവ് മിഡ്‌ഫീൽഡറായി കൊണ്ടും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ലിസാൻഡ്രോ മാർട്ടിനസിന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നുള്ളത് കൃത്യമായി അറിയുന്ന വ്യക്തിയാണ് ടെൻ ഹാഗ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ യുണൈറ്റഡിൽ ഉപയോഗിക്കുന്നതിൽ ടെൻ ഹാഗിന് ബുദ്ധിമുട്ടുണ്ടായേക്കില്ല. ആവശ്യത്തിന് സെന്റർ ബാക്കുമാർ നിലവിൽ യുണൈറ്റഡിലുണ്ട്. മധ്യനിര താരങ്ങളെയാണ് ഇനി തങ്ങൾക്കാവശ്യം എന്നുള്ളത് ടെൻ ഹാഗ് ഈയിടെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലിസാൻഡ്രോയെ ടെൻ ഹാഗ് ഡിഫൻസീവ് മിഡ്‌ഫീൽഡറായി കൊണ്ട് ഉപയോഗിക്കാനാണ് സാധ്യതകൾ കൂടുതൽ കാണുന്നത്.

ഏതായാലും താരത്തിന്റെ വരവ് യുണൈറ്റഡിന് ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല.അയാക്സിന് വേണ്ടി ആകെ 118 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി ഏഴ് മത്സരങ്ങളിലും ലിസാൻഡ്രോ മാർട്ടിനസ് ബൂട്ടണിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *