എന്ത്കൊണ്ട് ഇൻസ്റ്റയിലെ എല്ലാ ലിവർപൂൾ ഫോട്ടോകളും ഡിലീറ്റ് ചെയ്തു? മറുപടിയുമായി നുനസ്
രണ്ട് വർഷങ്ങൾക്കു മുന്നേയായിരുന്നു ലിവർപൂൾ ഉറുഗ്വൻ സൂപ്പർതാരമായ ഡാർവിൻ നുനസിനെ സ്വന്തമാക്കിയത്.പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നത് മാത്രമല്ല പലപ്പോഴും ഗോളവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ആരാധകരിൽ നിന്ന് എപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് നുനസ്.ഈയിടെ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിലെ ലിവർപൂളുമായി ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതോടെ അദ്ദേഹം ക്ലബ്ബ് വിടുമെന്ന റൂമറുകൾ പ്രചരിച്ചു.
ഏതായാലും തന്റെ പുതിയ അഭിമുഖത്തിൽ ഇതിനുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.നുനസ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
” നിങ്ങൾ കളി ആരംഭിക്കുന്ന കാലം തൊട്ട് നിങ്ങൾ വിരമിക്കുന്നത് വരെ നിങ്ങൾക്ക് വിമർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. മുൻപ് ഞാൻ ഇതെല്ലാം നോക്കുമായിരുന്നു.ഈ വിമർശനങ്ങളെല്ലാം എന്നെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. വിമർശനങ്ങൾ തന്നെ ബാധിക്കുകയില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് പച്ചക്കള്ളമാണ്.തീർച്ചയായും എല്ലാവരെയും വിമർശനങ്ങൾ ബാധിക്കും. പലരും പല ഉപദേശവും എനിക്ക് നൽകും. പക്ഷേ ഞാൻ ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറില്ല. എന്നാൽ യാതൊരുവിധ ഉപയോഗവും ഇല്ലാത്തതാണ് അതൊക്കെ.
ഞാൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒന്നും നോക്കാറില്ല.മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നാൽ ഞാൻ പരമാവധി എന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ശ്രമിക്കുക.ചിലപ്പോൾ എനിക്ക് ദേഷ്യം വരും.പക്ഷേ കുടുംബത്തോടൊപ്പം ഞാൻ അതൊക്കെ മറച്ചു പിടിക്കും. കഴിഞ്ഞത് കഴിഞ്ഞു.വരാനിരിക്കുന്ന അവസരത്തെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുക “ഇതാണ് നുനസ് പറഞ്ഞിട്ടുള്ളത്.
അതായത് തനിക്ക് ലഭിക്കുന്ന വിമർശനങ്ങൾ അധികരിച്ചപ്പോഴാണ് അദ്ദേഹം ഈ ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്തിട്ടുള്ളത്.ദേഷ്യം വന്നപ്പോൾ ചെയ്തതാണെന്നുള്ള ഒരു സൂചന അദ്ദേഹം ഇതിലൂടെ നൽകുന്നുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഇപ്പോഴും സജീവമാണ്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് താല്പര്യമുള്ള താരം കൂടിയാണ് നുനസ്.