എത്ര താരങ്ങളെ സൈൻ ചെയ്യുന്നു എന്നതിലല്ല കാര്യം, എതിരാളികളെ ലക്ഷ്യം വെച്ച് ക്ലോപ് പറയുന്നു !

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച ഖ്യാതി പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കായിരിക്കും. ഹാകിം സിയെച്ച്, ടിമോ വെർണർ, തിയാഗോ സിൽവ, മലങ് സർ, ബെൻ ചിൽവെൽ എന്നീ താരങ്ങളെ എത്തിച്ച ലംപാർഡ് ഹാവെർട്സിനെ കൂടി എത്തിക്കുന്നതിന്റെ തൊട്ടരികിലാണ്. കൂടാതെ ഒരു മികച്ച ഗോൾകീപ്പറെ കൂടി ലംപാർഡ് നോട്ടമിടുന്നുണ്ട്. മുമ്പ് മാഞ്ചസ്റ്റർ സിറ്റിയും ഇത്പോലെയായിരുന്നു ചെയ്തിരുന്നത്. ട്രാൻസ്ഫർ വിൻഡോയിൽ കാശെറിഞ്ഞു സുപ്പർ താരങ്ങളെ എത്തിക്കുകയായിരുന്നു. എന്നാൽ ഇരുടീമുകൾക്കും ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. കൂടുതൽ താരങ്ങളെ പൊന്നുംവിലകൊടുത്തു കൊണ്ട് ടീമിൽ എത്തിച്ചിട്ട് കാര്യമില്ലെന്നും ടീമിന്റെ അനുയോജ്യമായ കുറച്ചു താരങ്ങളെ എത്തിച്ചു കൊണ്ട് ഉചിതമായ ഒരു ടീം നിർമിച്ചെടുക്കലാണ് ചെയ്യേണ്ടത് എന്നാണ് ക്ലോപ് പറഞ്ഞത്. കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ക്ലോപ് ഇക്കാര്യം പറഞ്ഞത്.

” എത്ര താരങ്ങളെ സൈൻ ചെയ്യുന്നു എന്നതിൽ കാര്യമില്ല. കാരണം എത്ര പേരെ ടീമിൽ എത്തിച്ചാലും പതിനൊന്ന് പേർക്ക് മാത്രമേ കളിക്കാനാവൂ. പകരം അനുയോജ്യരായ താരങ്ങളെ കണ്ടെത്തി ഉചിതമായ ഒരു ടീം നിർമിക്കുകയാണ് ചെയ്യേണ്ടത്. അത്‌ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷെ അതിനാണ് നിങ്ങൾ പ്രാധാന്യം നൽകേണ്ടത്. ഞാൻ ഒരിക്കലും എല്ലാവരെയും തൃപ്തരാക്കുന്ന രീതിയിൽ കുറെ താരങ്ങളെ വാങ്ങിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. കാരണം ഒരു താരത്തെ ടീമിൽ എത്തിച്ചാൽ മറ്റൊരു താരത്തെ ആവിശ്യപ്പെടും. അത്‌ അങ്ങനെ തുടർന്നു കൊണ്ടിരിക്കും. ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ യുക്തിക്കനുസരിച്ച് ഒരു പ്രോപ്പർ ടീം ഉണ്ടാക്കുക എന്നാണ് ” ക്ലോപ് പറഞ്ഞു. ഇന്ന് ആഴ്‌സനലിനെ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ നേരിടാനുള്ള ഒരുക്കത്തിലാണ് ക്ലോപും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *