എട്ട് വർഷത്തിന് ശേഷം ഒരിക്കൽ കൂടി ബിയൽസയും ഗ്വാർഡിയോളയും മുഖാമുഖം വരുന്നു !

പരിശീലകരംഗത്ത് ബിയൽസയും പെപ് ഗ്വാർഡിയോളയും എതിരാളികളാണെങ്കിലും അതിനപ്പുറത്തേക്ക് ഇരുവരും ഉറ്റസുഹൃത്തുക്കളാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി സൗഹൃദബന്ധം തുടരുന്ന വ്യക്തികളാണ് ബിയൽസയും ഗ്വാർഡിയോളയും. ഇപ്പോഴിതാ എട്ട് വർഷത്തിന് ശേഷം ഇരുവരും ആദ്യമായി മുഖാമുഖം വരികയാണ്. പ്രീമിയർ ലീഗിൽ നാളെ രാത്രിയാണ് ബിയൽസ പരിശീലിപ്പിക്കുന്ന ലീഡ്‌സും പെപ്പിന്റെ സിറ്റിയും തമ്മിൽ കൊമ്പുകോർക്കുന്നത്. ലീഡ്‌സിന്റെ മൈതാനമായ ഇല്ലണ്ട് റോഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലീഡ്‌സിന് സിറ്റിയെ വിറപ്പിക്കാനാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമാണ് ലീഡ്‌സിന്റെ വരവ്. ലിവർപൂളിനോടായിരുന്നു ലീഡ്‌സ് 4-3 ന് പൊരുതി തോറ്റത്. അതിന് ശേഷം ഫുൾഹാമിനോട് 4-3 നും ഷെഫീൽഡിനോട്‌ 1-0 ലീഡ്‌സ് വിജയം കൊയ്തു. മറുഭാഗത്തുള്ള സിറ്റി രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായിട്ടാണ് വരുന്നത്.

കഴിഞ്ഞ ലെസ്റ്റർ സിറ്റിയോട് ഏറ്റ 5-2 ന്റെ തോൽവിയുടെ ക്ഷീണം തീർക്കാനാണ് സിറ്റി ഇറങ്ങുക. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം പെപ്പിനെ നേരിടുമ്പോൾ ബിയൽസക്ക് ആശ്വാസകരമായ കണക്കുകൾ അല്ല ഉള്ളത്. 2012 മെയിൽ ആയിരുന്നു ഇരുവരും അവസാനമായി മാറ്റുരച്ചത്. അന്ന് പെപ് ബാഴ്‌സയുടെ പരിശീലകനും ബിയൽസ അത്ലെറ്റിക്കോ ബിൽബാവോയുടെ പരിശീലകനും ആയിരുന്നു. കോപ്പ ഡെൽ റേയുടെ ഫൈനലിൽ ആയിരുന്നു അത്. അന്ന് ബാഴ്‌സ വിജയിക്കുകയും ചെയ്തു. ആകെ മൂന്ന് തവണ ഇരുവരും പരസ്പരം നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ ആദ്യ മത്സരത്തിൽ പെപ്പിന് മെസ്സി സമനില നേടികൊടുക്കുകയായിരുന്നു. ബിയൽസയെ നേരിട്ട രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും പെപ്പ് വിജയം നേടി. ഇതുവരെ പെപ്പിനെതിരെ വിജയം നേടാൻ കഴിഞ്ഞിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാനായിരിക്കും ബിയൽസ ഇറങ്ങുക. എന്നാൽ ഇരുവരും ഒട്ടേറെ തവണ തങ്ങൾ സുഹൃർത്തുക്കളാണെന്ന കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ലീഡ്‌സിന് പ്രീമിയർ ലീഗ് യോഗ്യത ലഭിച്ചപ്പോൾ പെപ്പ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *