എട്ട് ഗോളുകൾ, ഒടുവിൽ ചാമ്പ്യൻമാർക്ക് മുന്നിൽ തലകുനിച്ച് നീലപ്പട !

ഗോൾ മഴ വർഷിച്ച മത്സരത്തിൽ ലിവർപൂളിനോട് അടിയറവ് പറഞ്ഞ് ചെൽസി. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ 5-3 എന്ന സ്കോറിനാണ് ലിവർപൂൾ വിജയക്കൊടി പാറിച്ചത്. തുടക്കത്തിൽ തന്നെ മൂന്ന് ഗോളുകൾ നേടി ലിവർപൂൾ ജയമുറപ്പിച്ചെങ്കിലും ചെൽസി വിടാൻ ഒരുക്കമായിരുന്നില്ല. ഒടുക്കം 4-3 എന്ന സ്‌കോറിൽ എത്തി. ഒരു ഘട്ടത്തിൽ ചെൽസി സമനില പിടിക്കുമെന്ന് തോന്നിച്ചുവെങ്കിലും ചേംബർലൈൻ നേടിയ ഗോൾ ലിവർപൂളിന് ജയം ഉറപ്പിച്ചു കൊടുക്കുകയായിരുന്നു. തോൽവിയോട് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ അവതാളത്തിലായി. നിലവിൽ 63 പോയിന്റോടെ നാലാം സ്ഥാനത്താണ് ചെൽസി. ഒരു പോയിന്റ് മാത്രം പിറകിലാണ് ലെസ്റ്റർ സിറ്റിയുള്ളത്. ചെൽസിക്ക് ഇനി ശേഷിക്കുന്ന മത്സരം കരുത്തരായ വോൾവ്‌സിനോട് ആണ്. ഈ മത്സരത്തിൽ ജയിക്കാനായാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയും.

43 മിനുട്ടുകൾ പിന്നിട്ടപ്പോഴേക്കും ലിവർപൂൾ മൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. 23-ആം മിനിറ്റിൽ തകർപ്പനൊരു ഷോട്ടിലൂടെ കെയ്റ്റ വലകുലുക്കുകയായിരുന്നു. 38-ആം മിനുട്ടിൽ അർണോൾഡ് ഒരു ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ടു. 43-ആം മിനിറ്റിൽ ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വൈനാൾഡം ഗോൾ നേടി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ജിറൂദ് ഒരു ഗോൾ മടക്കി. എന്നാൽ 55-ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഫിർമിഞ്ഞോ വീണ്ടും ലീഡ് നേടികൊടുത്തു. 61-ആം മിനിറ്റിൽ ടമ്മി അബ്രഹാം ഗോൾ കണ്ടെത്തി. പുലിസിച്ചിന്റെ മനോഹരമായ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. 73-ആം മിനുട്ടിൽ തകർപ്പനൊരു ഗോൾ നേടി കൊണ്ട് പുലിസിച് ചെൽസിയുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. എന്നാൽ 84-ആം മിനിറ്റിൽ ചേംബർലൈൻ ഗോൾ നേടിയതോടെ അതും തകർന്നടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *