എങ്ങോട്ടുമില്ല, തിയാഗോ സിൽവ ചെൽസിയുമായി കരാർ പുതുക്കി!

ചെൽസിയുടെ ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ തന്റെ കരാർ പുതുക്കി. കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തേക്കുള്ള തന്റെ പുതിയ കരാറിൽ സിൽവ ഒപ്പ് വെച്ചത്. 37-കാരനായ താരത്തിന്റെ പ്രകടനമികവ് പരിഗണിച്ചാണ് ചെൽസി സിൽവയുടെ കരാർ പുതുക്കിയത്. ഇതോടെ 2022/23 സീസണിലും സിൽവ നീലപ്പടയോടൊപ്പമുണ്ടാവും.

ഏതായാലും ചെൽസിയുമായി പുതിയ കരാറിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ സിൽവ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.മൂന്ന് വർഷം ചെൽസിയോടൊപ്പം ഉണ്ടാവാൻ കഴിയുമെന്നുള്ളത് താനൊരിക്കൽ പോലും ചിന്തിച്ചിരുന്നില്ല എന്നാണ് സിൽവ അറിയിച്ചത്. കരാർ പുതുക്കിയതിന് ശേഷം ചെൽസിയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിൽവയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇവിടെ കളിക്കുന്നത് ശരിക്കും സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഈ മഹത്തായ ക്ലബ്ബിൽ മൂന്ന് വർഷം കളിക്കാനാവുമെന്നത് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.ഒരു സീസൺ കൂടി ഇവിടെ തുടരുന്നതിൽ ഞാൻ വലിയ സന്തോഷവാനാണ്.ഞാനെന്റെ കുടുംബത്തോടും ക്ലബ്ബിനോടും നന്ദി അറിയിക്കുന്നു. ഈ ക്ലബ്ബിന് വേണ്ടി എല്ലാം നൽകുന്നത് ഞാൻ തുടരും.ഞാൻ ക്ലബ്ബിൽ എത്തിയ അന്ന് മുതൽ ഈ ആരാധകർ എന്നെ പിന്തുണക്കുന്നുണ്ട്.അവർക്ക് വേണ്ടിയും ഞാനെന്റെ സർവ്വതും സമർപ്പിക്കും ” ഇതാണ് സിൽവ പറഞ്ഞത്.

2020-ലായിരുന്നു സിൽവ പിഎസ്ജി വിട്ടു കൊണ്ട് ചെൽസിയിൽ എത്തിയത്.കഴിഞ്ഞ സീസണിൽ 34 മത്സരങ്ങൾ കളിച്ച സിൽവ 18 ക്ലീൻ ഷീറ്റുകൾ നേടാൻ ക്ലബ്ബിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ തന്റെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും സിൽവ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *