ഈ സീസണിലെ ഏറ്റവും മികച്ച 10 ബ്രസീലിയൻ താരങ്ങൾ ഇവർ!

കഴിഞ്ഞ ദിവസമാണ് ഈ സീസണിലെ ടോപ് ഫൈവ് ലീഗുകൾക്ക് അവസാനമായത്. മാഞ്ചസ്റ്റർ സിറ്റിയും അത്ലറ്റിക്കോ മാഡ്രിഡും ലില്ലിയും ബയേൺ മ്യൂണിക്കും ഇന്റർമിലാനുമാണ് ടോപ് ഫൈവ് ലീഗുകൾ കരസ്ഥമാക്കിയത്. ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 10 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണിപ്പോൾ ബ്രസീലിയൻ മാധ്യമമായ ഗ്ലോബേ. ആ ലിസ്റ്റ് താഴെ നൽകുന്നു.

1- മാർക്കിഞ്ഞോസ്

ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബ്രസീലിയൻ താരം. പിഎസ്ജിയുടെ ഒട്ടു മിക്ക മത്സരങ്ങളിലും നിർണായക സാന്നിധ്യമായി മാറി. നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പല നിർണായക മത്സരങ്ങളിലും ഗോളുകൾ നേടി. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് കപ്പ് കരസ്ഥമാക്കി.

2-ഫെർണാണ്ടിഞ്ഞോ

ക്യാപ്റ്റനായി കൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ബ്രസീലിയൻ താരം. സിറ്റിക്കൊപ്പം ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ഫെർണാണ്ടിഞ്ഞോയെ ഇനി കാത്തിരിക്കുന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലാണ്.

3- നെയ്മർ

പരിക്കുകൾ വേട്ടയാടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്‌ സ്റ്റേജിൽ നിർണായകപ്രകടനങ്ങൾ നടത്തിയെങ്കിലും ലീഗ് വൺ കിരീടവും ചാമ്പ്യൻസ് ലീഗും നേടാനായില്ല.

4-കാസമിറോ
കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും റയലിന് വേണ്ടി വളരെ മികച്ച പ്രകടനം. ഏഴ് ഗോളുകൾ നേടിക്കൊണ്ട് കരിയറിലെ ടോപ് സ്‌കോറർ സീസണാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞു.

5-എഡേഴ്‌സൺ
മാഞ്ചസ്റ്റർ സിറ്റിയുടെ കുന്തമുന. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം കരസ്ഥമാക്കി. ലീഗിൽ പല മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടിയ എഡേഴ്‌സൺ ചാമ്പ്യൻസ് ലീഗിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

6-സിൽവ
ഈ പ്രായത്തിൽ പ്രീമിയർലീഗിൽ തിളങ്ങാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചവർക്കുള്ള മറുപടി നൽകാൻ കഴിഞ്ഞ താരമാണ് തിയാഗോ സിൽവ. ചെൽസിക്ക് വേണ്ടി വളരെ മികവാർന്ന പ്രകടനം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചു.

7-ലുകാസ് പക്വറ്റ

എസി മിലാനിലെ മോശം പ്രകടനത്തെ തുടർന്നാണ് പക്വറ്റ ലിയോണിൽ എത്തുന്നത്. നേടിയത് ഒമ്പത് ഗോളുകളും അഞ്ച് അസിസ്റ്റുകളും. അത്ഭുതകരമായ രീതിയിലുള്ള പുരോഗതി കൈവരിച്ചു.

8-ഫ്രെഡ്
കൂടുതൽ തവണ യുണൈറ്റഡിന് വേണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ സാധിച്ചു. മികച്ച പ്രകടനം. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം. യൂറോപ്പ ലീഗ് ഫൈനലിൽ.

9-വിനീഷ്യസ് ജൂനിയർ
സിദാൻ ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ താരം. അതിനൊത്ത് പ്രകടനം പുറത്തെടുക്കാൻ സാധിച്ചുവോ എന്നുള്ളത് സംശയകരമാണ്. പക്ഷേ ലിവർപൂളിനെതിരെ താരം നടത്തിയ പ്രകടനം ആരും മറക്കാൻ വഴിയില്ല.

10-എഡർ മിലിറ്റാവോ
ലഭിച്ച അവസരങ്ങൾ എല്ലാം മുതലെടുത്തുകൊണ്ട് തന്റെ പ്രതിഭ തെളിയിച്ച താരം. റാമോസിന്റെ അഭാവം ഈ സീസണിൽ ഒരു പരിധിവരെ റയൽ അനുഭവിക്കാത്തതിന്റെ പ്രധാന കാരണക്കാരൻ മിലിറ്റാവോ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *