ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി ഗർനാച്ചോ!
ഇന്നലെ നടന്ന അണ്ടർ 18 എഫ്എ കപ്പ് ഫൈനലിൽ തകർപ്പൻ ജയം നേടി കൊണ്ട് കിരീടം ചൂടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയത്.67000-ത്തോളം വരുന്ന മഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരായിരുന്നു ഈ ഫൈനൽ മത്സരം കാണാൻ തടിച്ചു കൂടിയിരുന്നത്.
ഏതായാലും ഈ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി കൊണ്ട് യുണൈറ്റഡിന്റെ വിജയശിൽപ്പിയായത് അർജന്റൈൻ യുവതാരമായ അലെജാൻഡ്രോ ഗർനാച്ചോയാണ്.ഇതിലെ ആദ്യ ഗോൾ നേടിയത് പെനാൽറ്റിയിലൂടെയായിരുന്നു.ഇതോടെ FA കപ്പ് ടൂർണമെന്റ് 10 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാനും ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
Alejandro Garnacho of Argentina has won the Jimmy Murphy award for the Manchester United Young Player of the Year for 2021-2022. pic.twitter.com/Q0wKWoILIX
— Roy Nemer (@RoyNemer) May 11, 2022
മാത്രമല്ല ഈ 17കാരനായ താരത്തിന് മറ്റൊരു അവാർഡ് കൂടി ഇന്നലെ സമ്മാനിച്ചിട്ടുണ്ട്. അതായത് ഈ വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന ജിമ്മി മർഫി അവാർഡാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ഈ സീസണിൽ താരം നടത്തിയ മിന്നും പ്രകടനത്തിന്റെ ഫലമായാണ് ഈ അവാർഡ് ലഭിച്ചത്.
ഗർനാച്ചോയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാണിത്. എന്തെന്നാൽ യുണൈറ്റഡിന് വേണ്ടി പ്രീമിയർലീഗിൽ അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കൂടാതെ അർജന്റീനയുടെ സീനിയർ ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.ഇങ്ങനെ വലിയ പ്രതീക്ഷകളാണ് ഈ യുവതാരം അർജന്റീനക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും നൽകുന്നത്.