ഇതൊന്നും പോരാ : മികച്ച വിജയം നേടിയിട്ടും തൃപ്തനാവാതെ ചെൽസി കോച്ച്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ചെൽസിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.വെസ്റ്റ്ഹാമിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ നിക്കോളാസ് ജാക്ക്സണാണ് തിളങ്ങിയിട്ടുള്ളത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിൽ മികച്ച പ്രകടനം ചെൽസി നടത്തിയിട്ടുണ്ട്.വിജയം നേടിയെങ്കിലും അവരുടെ പരിശീലകനായ എൻസോ മരസ്ക്ക പൂർണ്ണമായും സംതൃപ്തനായിട്ടില്ല. ഇവിടെ എല്ലാം ശരിയായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പല മേഖലകളിലും ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾ ശരിയായ പാതയിൽ തന്നെയാണ്. ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.ഇതൊരു വലിയ യാത്രയാണ്.മികച്ച രൂപത്തിൽ നിലകൊള്ളാൻ ഇപ്പോൾ കഴിയുന്നുണ്ട്.ഇവിടെ എല്ലാം ഓക്കെയായി എന്നാണ് പുറത്ത് നിന്ന് നോക്കുന്നവർക്ക് തോന്നുക.പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ,ഇവിടെ എല്ലാം ഓക്കെ ആയിട്ടില്ല.ഞങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ അറ്റാക്ക് ചെയ്യാം, മികച്ച രൂപത്തിൽ ഡിഫൻഡ് ചെയ്യാം. താരങ്ങൾ എങ്ങനെയാണ് പരസ്പരം പ്രവർത്തിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ഇതാണ് ചെൽസിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണത്തിലാണ് ചെൽസി വിജയിച്ചിട്ടുള്ളത്.പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രൈറ്റനാണ് ചെൽസിയുടെ എതിരാളികൾ.അതിനുശേഷം ആണ് കോൺഫറൻസ് ലീഗ് മത്സരം അവർ കളിക്കുക.