അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡും!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ദിബാല ക്ലബ് വിടുകയാണ് എന്നുള്ളത് ഉറപ്പായിക്കഴിഞ്ഞ കാര്യമാണ്. ഈ മാസം അവസാനത്തിലാണ് അദ്ദേഹത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുക.താരത്തിന് നേരത്തെ തന്നെ യുവന്റസ് യാത്രയപ്പ് നൽകുകയും ചെയ്തിരുന്നു.
ഏതായാലും ഡിബാല എങ്ങോട്ട് ചേക്കേറുമെന്നുള്ളത് ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല.ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ട്. പക്ഷേ താരവുമായി ഇതുവരെ ഔദ്യോഗിക കരാറിലെത്താൻ ഇന്ററിന് സാധിച്ചിട്ടില്ല.
മാത്രമല്ല പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാമിന് വലിയ താല്പര്യമുണ്ട് എന്നുള്ള അഭ്യൂഹങ്ങൾ പുറത്തേക്ക് വന്നിരുന്നു. എന്നാൽ ടോട്ടൻഹാം ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നീക്കങ്ങളും ഇതുവരെ നടത്തിയിട്ടില്ല.പൗലോ ഡിബാലക്ക് ടോട്ടൻഹാം മുൻഗണന നൽകുന്നില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.
Manchester United handed 'boost' in Paulo Dybala pursuit #mufc https://t.co/HZ2f7UzEzR
— Man United News (@ManUtdMEN) June 4, 2022
എന്നാൽ മറ്റൊരു പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡിബാലയിൽ താല്പര്യമുണ്ട്. പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2019-ൽ താരം യുണൈറ്റഡിലേക്ക് എത്തുമെന്നുള്ള റൂമറുകൾ വ്യാപകമായിരുന്നുവെങ്കിലും അന്നത് സാധ്യമായിരുന്നില്ല.ഇത്തവണ എറിക് ടെൻ ഹാഗിന് അതിന് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരം എത്തിയാൽ ക്രിസ്റ്റ്യാനോയുമായി ഒരിക്കൽക്കൂടി ഒരുമിക്കാൻ ദിബാലക്ക് കഴിയും. മുമ്പ് യുവന്റസിൽ ഒരുമിച്ചു കളിച്ചവരാണ് ഈ രണ്ടു താരങ്ങളും.ഏതായാലും ഡിബാല ഏത് രൂപത്തിലുള്ള തീരുമാനമെടുക്കുമെന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണാം.