അൻസു ഫാറ്റിക്കായി വൻ തുക ഓഫർ ചെയ്ത് യുണൈറ്റഡ്, നിരസിച്ച് ബാഴ്സ?

ഈ സീസണിൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ യുവതാരമാണ് ബാഴ്സലോണയുടെ അൻസു ഫാറ്റി. പതിനേഴുകാരനായ താരം കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ ആരാധകപ്രീതി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാലിപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ വേണ്ടി പ്രീമിയർ ലീഗ് ശക്തികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ തുക കറ്റാലന്മാർക്ക് ഓഫർ ചെയ്തിരിക്കുകയാണ്. നൂറ് മില്യൺ യുറോയാണ് (89 മില്യൺ പൗണ്ട് ) ആണ് താരത്തിന് വേണ്ടി മാഞ്ചസ്റ്റർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫുട്ബോൾ മാധ്യമങ്ങളായ ഗോൾ, മിറർ, എഎസ്സ് എന്നിവരെല്ലാം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ബാഴ്സലോണ ഈ ഓഫർ നിരസിച്ചതായാണ് അറിയാൻ കഴിയുന്നത്. അൻസു ഫാറ്റിയെ കൈമാറാൻ ബാഴ്സക്ക് താല്പര്യമില്ല എന്നാണ് ഇതിന് കാരണം എന്നും കരുതപ്പെടുന്നു. മാത്രമല്ല വലിയൊരു തുക കിട്ടിയാൽ മാത്രമേ താരത്തെ ബാഴ്സ കൈവിടാൻ ഒരുക്കമാവുകയൊള്ളൂ എന്നും റിപ്പോർട്ടുകൾ ഉണ്ട്. 150 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ബാഴ്സ പ്രതീക്ഷിക്കുന്നത് എന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

2012-ൽ സെവിയ്യയിൽ നിന്നാണ് അൻസു ഫാറ്റി ബാഴ്സലോണ യൂത്ത് ടീമിൽ ചേരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു താരം ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഒസാസുനക്കെതിരായ മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടെ ലാലിഗയിൽ ബാഴ്സക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് താരത്തിന്റെ പേരിലായി. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെതിരെയും ഫാറ്റി ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്ന റെക്കോർഡും താരം പേരിൽ കുറിച്ചു. അഞ്ച് ഗോളുകളും ഒരു അസിസ്റ്റും ഇത് വരെ താരം നേടി കഴിഞ്ഞു. താരത്തെ കൂടാതെ ജേഡൻ സാഞ്ചോ, ജൂഡ് ബെല്ലിങ്‌ഹാം എന്നീ യുവതാരങ്ങളെ കൂടി യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്. ഏതായാലും ഭാവി സൂപ്പർ താരമായി കണക്കാക്കുന്ന ഫാറ്റിയെ അത്ര പെട്ടന്നൊന്നും ബാഴ്സ വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *