അദ്ദേഹം ഇവിടെ വേണം : റൊണാൾഡോയെ തിരികെ ലാലിഗയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വിരാമമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് താരം. എന്നാൽ യുണൈറ്റഡ് ഇതിന് സമ്മതം മൂളിയിട്ടുമില്ല.ഉടൻതന്നെ ഈ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം റൊണാൾഡോ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ പ്രചരിച്ചിരുന്നു. ഇതിനോടിപ്പോൾ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് പ്രതികരിച്ചിട്ടുണ്ട്. അതായത് റൊണാൾഡോ ലാലിഗയിലേക്ക് തിരിച്ചെത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
La Liga president sends message to Cristiano Ronaldo over Manchester United exit wish #mufc https://t.co/nPYEqXJGBS
— Man United News (@ManUtdMEN) July 28, 2022
“ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ലാലിഗയിൽ കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.അത്ലറ്റിക്കോ മാഡ്രിഡിന് അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ള കാര്യം എനിക്കറിയില്ല.റൊണാൾഡോയെ സ്വന്തമാക്കണമെങ്കിൽ അവർക്ക് ചില താരങ്ങളെ ഒഴിവാക്കേണ്ടി വന്നേക്കും.റൊണാൾഡോയെ പോലെയുള്ള ഒരു താരത്തെ സൈൻ ചെയ്യണമെങ്കിൽ തീർച്ചയായും സാമ്പത്തികപരമായി അതിനുള്ള ഒരു ഇടം നിങ്ങൾ ഒരുക്കേണ്ടിയിരിക്കും ” ഇതാണ് ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ് പറഞ്ഞിട്ടുള്ളത്.
എന്നാൽ റൊണാൾഡോ അത്ലറ്റിക്കോയിൽ എത്താനുള്ള സാധ്യതകൾ ഇപ്പോൾ അവശേഷിക്കുന്നില്ല.അത്ലറ്റിക്കോ പ്രസിഡണ്ടും ക്യാപ്റ്റനും ഇതിനെ തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല അത്ലറ്റിക്കോ ആരാധകരും ഇതിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു.