അഗ്വേറൊ ഏറ്റവും നല്ല വ്യക്തി, വിവാദമുണ്ടക്കാൻ നിങ്ങൾ വേറെ വല്ലതും നോക്കൂ, പെപ് !

ഇന്നലെ നടന്ന ആഴ്‌സണൽ vs മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിൽ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയിരുന്നു. എന്നാൽ സൂപ്പർ താരം സെർജിയോ അഗ്വേറൊ മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോൾ. മത്സരത്തിലെ വനിതാ റഫറിയെ സ്പർശിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. ആദ്യപകുതിക്ക് തൊട്ട് മുമ്പാണ് ഇക്കാര്യം നടന്നത്. ആഴ്‌സണലിന് അനുകൂലമായി ഒരു ത്രോ വനിതാ ലൈൻ റഫറിയായ മാസ്സി എല്ലിസ് വിധിക്കുകയായിരുന്നു. എന്നാൽ അഗ്വേറൊ ത്രോ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായതാണ് എന്ന് തർക്കിക്കുകയായിരുന്നു. അതിനിടയിൽ താരം വനിതാ റഫറിയുടെ തോളിൽ കയ്യിടുകയും ചെയ്തു. ഉടൻ തന്നെ മാസ്സി എല്ലിസ് താരത്തിന്റെ കൈ തട്ടിമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. അഗ്വേറൊ ചെയ്തത് മോശം പ്രവർത്തിയാണെന്നാണ് സാമൂഹികമാധ്യമങ്ങളിൽ പലരുടെയും അഭിപ്രായം.

എന്നാൽ താരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള. തനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തികളിൽ ഒരാളാണ് അഗ്വേറൊ എന്നാണ് പെപ് മത്സരശേഷം പറഞ്ഞത്. ” ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വ്യക്തികളിൽ ഒരാളാണ് അഗ്വേറൊ. നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മറ്റെന്തെങ്കിലും നോക്കൂ ” ഇതായിരുന്നു പെപ് ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ഏതായാലും അഗ്വേറൊക്കെതിരെ നടപടികൾ എടുക്കുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്. മുൻപ് ടെന്നീസ് താരം ജോക്കൊവിച്ച് ടെന്നീസ് ബോൾ കൊണ്ട് ലൈൻസ് വുമണെ അബദ്ധവശാൽ അടിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ടൂർണമെന്റിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു. ആ സംഭവവുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *