സലാഹും മാനേയും റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനർഹർ, എന്നാൽ പോവരുതെന്നുപദേശിച്ച് മുൻ താരം

ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹും സാഡിയോ മാനേയും റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ അർഹരാണെന്ന് മുൻ താരം നിക്കോളാസ് അനൽക്കെ.എന്നാൽ ഇരുവരും റയൽ മാഡ്രിഡിലേക്ക് പോവരുതെന്നും ലിവർപൂളിൽ തന്നെ തുടരണമെന്നും അദ്ദേഹം ഉപദേശിച്ചു. കഴിഞ്ഞ ദിവസം ലിവർപൂൾ എക്കോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇരുതാരങ്ങളെ പറ്റിയും പരാമർശിച്ചത്. യൂറോപ്പിലെ പ്രമുഖക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അനൽക്കെ.പിഎസ്ജി, റയൽ മാഡ്രിഡ്‌, ആഴ്‌സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, യുവന്റസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച് പരിചയമുള്ള താരം ഒടുവിൽ ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിക്കും വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു.

” അസാമാന്യരായ മൂന്നു പേരാണ് ലിവർപൂളിന്റെ ആക്രമണനിരയെ നയിക്കുന്നത്. മൂന്ന് പേരെയും എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് റോബർട്ടോ ഫിർമിനോയെ. എന്തെന്നാൽ സലാഹിന്റെയും മാനേയും വിജയത്തിന്റെ പ്രധാനകാരണമായി പ്രവർത്തിക്കുന്നത് ഫിർമിഞ്ഞോയാണ്. സലാഹും മാനേയും നിലവിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഇടം നേടിയവരാണ്. റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനുള്ള യോഗ്യത അവർക്കുണ്ട്. പക്ഷെ ഇന്ന് ലിവർപൂൾ റയൽ മാഡ്രിഡിനോട് കിടപിടിക്കുന്ന ടീമാണ്. അതിനാൽ തന്നെ അവർക്ക് റയലിലേക്ക് പോവേണ്ട ആവിശ്യമില്ല. അവർ ലിവർപൂളിൽ തന്നെ തുടരണം. ലിവർപൂൾ ഇരുവർക്കും അനുയോജ്യമായ ടീം തന്നെയാണ് ” അനൽക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *