വല്യ ഹീറോയാവാൻ നോക്കുന്നു: ലിസാൻഡ്രോക്കെതിരെ തിരിഞ്ഞ് ഷ്മൈക്കൽ

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൻ യുണൈറ്റഡിനെ തോൽപ്പിച്ചിട്ടുള്ളത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് യുണൈറ്റഡിന് ഈ തോൽവി പിണഞ്ഞത്. ഈ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ മൂന്നു തോൽവികൾ യുണൈറ്റഡ് ഏറ്റുവാങ്ങി.

ഇതിന് പിന്നാലെ യുണൈറ്റഡിന്റെ അർജന്റൈൻ ഡിഫൻഡറായ ലിസാൻഡ്രോ മാർട്ടിനെസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസമായ പീറ്റർ ഷ്മൈക്കൽ.ലിസാൻഡ്രോ ഹീറോയാവാൻ ശ്രമിക്കുകയാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.പ്രതിരോധത്തിലെ പിഴവുകളാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.മുൻ യുണൈറ്റഡ് ഗോൾകീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.

” യുണൈറ്റഡിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ തീർത്തും വ്യക്തിപരമാണ്.ലിസാൻഡ്രോ മാർട്ടിനസ് ഡിഫൻസിൽ ഹീറോ ആവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹം സ്വയം ബ്ലോക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. വെറുതെ നിന്നുകൊണ്ട് ബ്ലോക്ക് ചെയ്യുന്നതിന് പകരം ക്ലോസ് ഡൗൺ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. ഇനി ബ്ലോക്ക് ചെയ്യണമെങ്കിൽ ശരീരം ടേണ്‍ ചെയ്യേണ്ടതില്ല.നേരെ നിന്നുകൊണ്ട് ചെയ്താൽ മതി. തീർച്ചയായും യുണൈറ്റഡിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ” ഷ്മൈക്കൽ പറഞ്ഞു.

ടോട്ടൻഹാം,ആഴ്സണൽ,ബ്രൈറ്റൻ എന്നിവരോടാണ് യുണൈറ്റഡ് ഇതുവരെ തോൽവി വഴങ്ങിയത്.ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കാണ് യുണൈറ്റഡിന്റെ എതിരാളികൾ. യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയായിരിക്കും ഈ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!