വലിയ നേട്ടങ്ങളൊക്കെയുണ്ട്, പക്ഷേ ഈ ചെയ്യുന്നത് അംഗീകരിക്കാനാവാത്തത് : റൊണാൾഡോക്കെതിരെ തിരിഞ്ഞ് നെവിൽ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല.യുണൈറ്റഡ് പ്രീ സീസണിൽ കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് താരം പങ്കെടുത്തിട്ടുള്ളത്. മാത്രമല്ല ആ മത്സരം പൂർത്തിയാകുന്നതിനു മുന്നേ സ്റ്റേഡിയം വിട്ടതും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ഏതായാലും റൊണാൾഡോയുടെ ഇപ്പോഴത്തെ പെരുമാറ്റങ്ങൾക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരീ നെവിൽ രംഗത്ത് വന്നിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് വലിയ നേട്ടങ്ങൾ ഉള്ള താരമാണ് റൊണാൾഡോയെന്നും എന്നാൽ ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് എന്നുമാണ് നെവിൽ പറഞ്ഞിട്ടുള്ളത്.

” ഫുട്ബോൾ ലോകത്തെ പലർക്കും സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത അത്ര നേട്ടങ്ങൾ റൊണാൾഡോക്ക് സ്വന്തമായുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ അദ്ദേഹത്തിന് എപ്പോഴും ഇടമുണ്ടാകും. ഈ സമ്മറിൽ സംഭവിച്ചത് വർഷങ്ങൾക്കുള്ളിൽ മറക്കുകയും ചെയ്യും.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരമെന്ന നിലയിൽ,ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ എന്ന നിലയിൽഎനിക്ക് ഇതിനോട് യോജിക്കാൻ കഴിയില്ല.ഡ്രസിങ് റൂമിലെ ഒരു സ്റ്റാർ പ്ലെയർ ഇത്തരത്തിലുള്ള പെരുമാറ്റം നടത്താൻ പാടില്ല. നേരത്തെ പോൾ പോഗ്ബയുടെ കാര്യത്തിലും സമാനമായ അവസ്ഥയിലൂടെ യുണൈറ്റഡ് കടന്നുപോയിരുന്നു.ഒരു സൂപ്പർതാരത്തെ ക്ലബ്ബിനെ നിയന്ത്രിക്കാൻ അനുവദിച്ചു കൂടാ ” ഇതാണ് നെവിൽ പറഞ്ഞിട്ടുള്ളത്.

വരുന്ന ഞായറാഴ്ച ബ്രയിറ്റണെതിരെയാണ് യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ മത്സരം കളിക്കുക. ഈ മത്സരത്തിൽ റൊണാൾഡോ ഉണ്ടാവുമോ എന്നുള്ളത് അവ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!