ലൗറ്ററോ ബാഴ്സയിലേക്ക്, പകരക്കാരനായി ജീസസ് ഇന്റർ മിലാനിലേക്ക്?

ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. ഒന്നും ഫലം കണ്ടില്ല എന്ന് മാത്രമല്ല ഇന്റർമിലാൻ താരത്തെ പിടിവിടാൻ ഒരുക്കവുമല്ല. എങ്ങനെയെങ്കിലും താരത്തെ പിടിച്ചു നിർത്തുക എന്നതാണ് ഇന്ററിന്റെ ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ താരത്തിനാവട്ടെ ബാഴ്‌സയിലേക്ക് പോവണമെന്ന പിടിവാശിയിലാണ്. പക്ഷെ താരം ക്ലബ്‌ വിട്ടാൽ പകരക്കാരെ ഇന്റർമിലാൻ ലക്ഷ്യമിട്ടു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കെർ ഗബ്രിയേൽ ജീസസാണ് ഇന്റർമിലാന്റെ പ്രഥമപരിഗണനയിലുള്ളത്. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത് താരത്തിന്റെ ഏജന്റ് ഇന്റർമിലാനുമായി ഇക്കാര്യം സംസാരിച്ചു എന്ന് വരെയാണ്. ഇറ്റാലിയൻ മാധ്യമമായ കൊറെയ്റേ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്ത മാധ്യമം.

ഇരുപത്തിമൂന്നുകാരനായ ജീസസിനെ മാത്രമല്ല ഇന്റർ നോട്ടമിട്ടിരിക്കുന്നത്. ആഴ്‌സണൽ നായകൻ ഒബമയാങ്, ടോറിനോയുടെ ആൻഡ്രിയ ബെലോട്ടി എന്നീ താരങ്ങളെയും ഇന്റർ ലക്ഷ്യമിട്ട് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ആദ്യത്തെ ഓപ്ഷൻ ജീസസാണ്. നിലവിൽ എഴുപത് മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ഇന്റർ ചിലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. 111 മില്യൺ യുറോയാണ് ലൗറ്ററോക്ക് വേണ്ടി ഇന്റർ പ്രതീക്ഷിക്കുന്നത്. ഈ സീസണിലും മികച്ച പ്രകടനം തന്നെയാണ് ജീസസ് കാഴ്ച്ചവെക്കുന്നത്. എല്ലാ കോംപിറ്റീഷനുകളിലുമായി നാല്പതോളം മത്സരങ്ങളിൽ നിന്നായി 2300-ഓളം മിനുട്ട് കളത്തിൽ ചിലവഴിച്ച ഈ ബ്രസീലിയൻ താരം പതിനെട്ട് ഗോളുകളും ഒൻപത് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു. ലൗറ്ററോ ക്ലബ്‌ വിട്ടാൽ താരത്തിന്റെ വിടവ് നികത്താൻ ജീസസിനാവുമെന്ന് ഇന്റർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *