മെസ്സി സിറ്റിയിലേക്കെത്തില്ല, ബാഴ്സയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പെപ് ഗ്വാർഡിയോള

സൂപ്പർ താരം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങളെ നിഷേധിച്ച് സിറ്റി പരിശീലകനും മുൻ ബാഴ്സ പരിശീലകനുമായിരുന്ന പെപ് ഗ്വാർഡിയോള രംഗത്ത്. മെസ്സി ബാഴ്സയിൽ തന്നെ തുടരണം എന്നാണ് തന്റെ ആഗ്രഹമെന്നും മെസ്സി സിറ്റിയിലേക്ക് വരുമെന്നുള്ള പ്രചരണങ്ങൾ ഒക്കെ തന്നെയും സത്യമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ൽ കരാർ അവസാനിക്കുന്നതോടെ മെസ്സി ക്ലബ്‌ വിടുമെന്നുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്സയ്ക്കൊപ്പം മെസ്സിയെ പരിശീലിപ്പിക്കാൻ പെപ് ഗ്വാർഡിയോളക്ക് സാധിച്ചിരുന്നു എന്ന് മാത്രമല്ല ഇരുവരും തമ്മിൽ ദൃഡമായ ഒരു ബന്ധമാണുള്ളത്. ഇതിനാൽ തന്നെ മെസ്സി ബാഴ്സ വിടുകയാണെങ്കിൽ ചേക്കേറുക സിറ്റിയിലേക്കാണ് എന്ന വാർത്തകൾ ആയിരുന്നു പ്രചരിച്ചിരുന്നത്. ഇതാണ് പെപ് ഗ്വാർഡിയോള നിരസിച്ചത്. അതേസമയം മെസ്സി ബാഴ്‌സ വിടുകയാണെങ്കിൽ മെസ്സിക്ക് ഏറ്റവും അനുയോജ്യമായ ക്ലബ് മാഞ്ചെസ്റ്റെർ സിറ്റിയായിരിക്കുമെന്ന് മുൻ ബാഴ്സ-ബ്രസീൽ ഇതിഹാസം റിവാൾഡോ പ്രസ്താവിച്ചിരുന്നു.

” ഈ സീസൺ അവസാനിക്കുന്നത് വരെ ട്രാൻസ്ഫർ വാർത്തകളെ കുറിച്ച് സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മെസ്സി ബാഴ്സയിൽ തുടരുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ സീസൺ അവസാനിച്ചിട്ട് ഒട്ടേറെ മികച്ച താരങ്ങളെ സിറ്റി നോട്ടമിട്ട് വെച്ചിട്ടുണ്ട്. പക്ഷെ മെസ്സി അതിലില്ല ” ഗ്വാർഡിയോള പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതിനെ കുറിച്ചും പെപ് ഗ്വാർഡിയോള സംസാരിച്ചു. ” ഒന്നാം സ്ഥാനക്കാർ തൊണ്ണൂറ് പോയിന്റുകൾ നേടുകയും നിങ്ങൾ ഒൻപത് മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ നിങ്ങൾക്ക് കിരീടം നേടാനാവില്ല എന്നത് ഒരു സത്യമാണ്. അത് തന്നെയാണ് സിറ്റിക്ക് സംഭവിച്ചതും. സീസണിന്റെ തുടക്കത്തിൽ തന്നെ സിറ്റിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ എനിക്ക് സാധിച്ചതുമില്ല. ടോട്ടൻഹാമിനെതിരായ മത്സരം എനിക്കിപ്പോഴും ഓർമ്മയുണ്ട്. ലീഗിലെ രണ്ടാം മത്സരം ആയിരുന്നു അത്. അവർ ഗോളിലേക്ക് ലക്ഷ്യം വെച്ച് തൊടുത്തത് കേവലം രണ്ട് ഷോട്ടുകൾ ആണ്. ഞങ്ങൾ ആ സ്ഥാനത്ത് 20 എണ്ണം ലക്ഷ്യം വെച്ചു. എന്നിട്ടും സമനില ആയിരുന്നു ഫലം. അത് തന്നെയാണ് കഴിഞ്ഞ മത്സരത്തിൽ സൗത്താപ്റ്റനെതിരെ സംഭവിച്ചതും. അത് മാറ്റാൻ കഴിയുന്നതല്ല. അതങ്ങനെ സംഭവിച്ചു പോകുന്നതാണ് ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *