മെസ്സിയെ കാണാൻ ബാഴ്സയിലെത്തിയ മലയാളിയുടെ അനുഭവം

വിദൂരമാണെന്ന് തോന്നുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോ വ്യക്തിക്കുമുണ്ടാവും. താൻ എത്രയൊക്കെ പരിശ്രമിച്ചാലും അതൊന്നും തന്നെക്കൊണ്ട് കഴിയില്ലെന്ന് നാം തന്നെ വിചാരിക്കുന്ന ചില കാര്യങ്ങൾ. അത്തരം കാര്യങ്ങൾ നിങ്ങൾക്കുമുണ്ടെങ്കിൽ അത് തിരുത്താം. കാരണം അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് തൃശൂർ സ്വദേശിയായ നോബിൾ. കുട്ടിക്കാലം തൊട്ടേ അവൻ കണ്ട സ്വപ്നത്തെ യാഥാർഥ്യമാക്കാൻ അവൻ പരിശ്രമിച്ചു. ഒടുക്കം പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് തന്റെ ചിരകാലാഭിലാഷം നിറവേറ്റിയ ആ യുവാവിന്റെ കുറിപ്പാണിത്. സ്വപ്നങ്ങളും ആഗ്രഹങ്ങളും കാണുന്നവർക്ക് പ്രചോദനമാണ് ഈ യുവാവിന്റെ വാക്കുകൾ. കുറിപ്പ് താഴെ നൽകുന്നു.

എന്റെ പേര് നോബിൾ. ഇരുപത്തിയഞ്ച് വയസ്സാണ്. പൂരങ്ങളുടെ നാട് എന്ന വിശേഷണം ചാർത്തികിട്ടിയ തൃശൂർ ജന്മസ്ഥലം.കുട്ടിക്കാലം മുതൽക്കേ കടുത്ത ആരാധകനാണ്. മെസ്സിയെയും ബാഴ്സലോണയെയും ആഴ്‌സണലിനെയും ജീവനുതുല്യം സ്നേഹിക്കുന്നവൻ. ഒരു ദരിദ്രകുടുംബത്തിലായിരുന്നു എന്റെ ജനനം. ഞാനും അമ്മയും മാത്രമേ വീട്ടിലൊള്ളൂ. കൂട്ടിനുള്ളത് കഷ്ടപ്പാട് മാത്രം.അമ്മ എല്ലാ ദിവസം രാവിലെ ജോലിക്ക് പോവും.അമ്മയുടെ വരുമാനത്തിലായിരുന്നു ഞങ്ങൾ ജീവിതം പുലർത്തിയിരുന്നത്.

യുറോപ്പൊന്നും എനിക്ക് സ്വപ്നം കൂടി കഴിയാൻ കാണാത്ത അത്ര വിദൂരത്തായിരുന്നു. ഞാനും എന്റെ കൂട്ടുകാരും എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നത് കറ്റാലന്മാരുടെ ജീവനാഡിയായ ബാഴ്സലോണയിലേക്ക് പോവുന്നതിനെ കുറിച്ചായിരുന്നു.അന്നെനിക്ക് കേവലം ഇരുപത് വയസ്സാണ്. പക്ഷെ ഞങ്ങളൊരിക്കലും പിന്മാറാൻ തയ്യാറായിരുന്നില്ല. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടിയൊരു പദ്ധതി തയ്യാറാക്കി. അങ്ങനെ പദ്ധതി ഇട്ടുവന്നപ്പോൾ എല്ലാം കയ്യീന്ന് പോയ അവസ്ഥയായിരുന്നു. ജീവിതകാലം മുഴുവൻ അധ്വാനിച്ച് ഒരു അറുപത് വയസ്സ് കഴിയുമ്പോൾ ജീവനും സ്വന്തമായി വല്ല സമ്പാദ്യവും ഉണ്ടെങ്കിൽ അതെല്ലാം വിറ്റുപൊറുക്കി ബാഴ്സലോണയിലേക്ക് വെച്ചുപിടിപ്പിക്കുക. എന്നിട്ട് മരണം ബാഴ്സലോണയിൽ.ഇതായിരുന്നു വിശ്വവിഖ്യാതമായ പദ്ധതി. പക്ഷെ അക്കാലത്ത് ചെന്നാൽ മെസ്സിയെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രം എന്നെ അലട്ടി.

ഇരുപത്തിമൂന്നാം വയസ്സിലാണ് ഞാൻ കൊച്ചിയിലെ ഇൻഫോപാർക്കിൽ ജോലിക്ക് പ്രവേശിക്കുന്നത്. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തതിന് ശേഷം ഗൾഫിലോട്ട് പോയി. മൂന്ന് മാസത്തോളം ജോലി ചെയ്തതിന് ശേഷം നാട്ടിലേക്ക് തന്നെ തിരിച്ചു പോന്നു. യുറോപ്പെന്ന സ്വപ്നം മനസ്സിൽ തിളച്ചുമറിയാൻ തുടങ്ങി. എന്റെ സ്വപ്നം ഞാൻ അമ്മയോട് പങ്കുവെച്ചു. കയ്യിലാണേൽ ആകെ ഒരു ലക്ഷം മാത്രമേ ഒള്ളൂ. അമ്മക്കാണേൽ വലിയ തോതിലുള്ള വരുമാനവുമില്ല. മാസം എട്ടായിരം രൂപക്ക് അമ്മ ഒരു തുണിക്കടയിൽ ജോലിക്ക് പോവുന്നുണ്ടായിരുന്നു. മകന്റെ സ്വപ്നത്തിന് അമ്മ പിന്തുണ നൽകി. വീടും സ്ഥലവും ഇല്ലാത്തതിനാൽ ലോൺ എന്ന വഴി അടഞ്ഞു. പിന്നീട് അമ്മയുടെ സുഹൃത്തുക്കളിൽ നിന്നും മറ്റു പലയിടങ്ങളിൽ നിന്നുമായി കടം മേടിച്ചു. അങ്ങനെ സ്റ്റഡി വിസക്ക് അപേക്ഷിച്ചു. ഭാഗ്യദേവതകൾ എന്നെ കൈവെടിഞ്ഞില്ല. എനിക്ക് ലാറ്റ്വിയൻ വിസ ലഭിച്ചു. അവിടെ ചെന്ന് സ്റ്റുഡന്റ് കാർഡ് അടിച്ചു. അവിടെ നിന്നും ഇറ്റലിയിലേക്ക് പോയി. മറുഭാഗത്ത് കടങ്ങൾ പെരുകി വന്നു. അഞ്ച് മാസത്തോളം ജോലി ചെയ്യാനും പറ്റിയില്ല എന്ന് മാത്രമല്ല കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും നാളുകൾ മാത്രമായിരുന്നു അത്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരവസ്ഥ വരെ എത്തി. അവിടെയുള്ള ഒട്ടുമിക്ക ഇന്ത്യക്കാരും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്നതിനു ഞാൻ ദൃക്‌സാക്ഷിയായി.

ഇറ്റലിയിൽ നിന്നും പോർച്ചുഗല്ലിലേക്ക് ഞാൻ മാറി. ജോലി പെർമനന്റ് ആക്കാൻ വേണ്ടിയായിരുന്നു പോർച്ചുഗീസ് മണ്ണിലേക്ക് ഞാൻ വന്നത്. ജോലി ശരിയായതോടെ എന്റെ സമയവും തെളിഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഞാൻ കടം മുഴുവനും വീട്ടി. അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. യൂറോപ്പയിൽ ആഴ്‌സണൽ vs വിക്ടോറിയ ഗിമിറെസ് മത്സരത്തിന് ടിക്കറ്റ് ബുക്ക്‌. കമ്പനിയിൽ നിന്ന് ലീവും ലഭിച്ചു.ആഴ്‌സണൽ ഫാൻസിന്റെ ഇടയിലുള്ള സീറ്റാണ് ബുക്കിങ്ങിൽ ലഭിച്ചത്. അവിടുത്തെ കഫെ ഷോപ്പിൽ നിന്നും കുറെ ഗണ്ണേഴ്സ് ഫാൻസിനെ പരിചയപ്പെട്ടു. പിന്നീട് സ്റ്റേഡിയത്തിന് വെളിയിലായിരുന്നു ആരവങ്ങൾ. ആഴ്‌സണൽ ഫാൻസിനോടൊപ്പം ഞാനും ആരവം മുഴക്കി. പിന്നീട് സ്റ്റേഡിയത്തിനകത്തേക്ക്. മുക്കാൽ ശതമാനം പേരും വിക്ടോറിയയുടെ ആരാധകർ. അവരാണേൽ തന്നെ ആക്രമണകാരികളുമാണ്. ആഴ്‌സണലിന്റെ ആദ്യഗോൾ പിറന്നത് ഞാൻ കൺകുളിർക്കെ കണ്ടു. സന്തോഷത്താൽ തുള്ളിച്ചാടി. ആബാലവൃദ്ധം ജനങ്ങളും അവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട്. ഞാൻ അഭിമാനം കൊണ്ടു. വൈകിയില്ല.. വിക്ടോറിയയുടെ ഗോളും വന്നു. അവരുടെ ഫാൻസ്‌ അത് ആഘോഷമാക്കുകയാണ്. മത്സരം സമനിലയിൽ. ഇരുആരാധകരും കയ്യടിച്ചു പിരിഞ്ഞു. എതിർടീമുകളുടെ ആരാധകർക്ക് ബഹുമാനം നൽകുന്ന കാര്യത്തിൽ ആഴ്‌സണൽ ഫാൻസ്‌ ഒരുപടി മുന്നിലാണെന്ന് എനിക്ക്. ഈ ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്.

അങ്ങനെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു മറ്റൊരു ദിവസം വന്നെത്തി. ഡിസംബർ 24. 2019-ലെ ബാഴ്സയുടെ അവസാനമത്സരം. മത്സരം കാണണമെങ്കിൽ അഞ്ച് ദിവസത്തെ ലീവ്‌ വേണം. ഒരുവിധം ലീവ് കിട്ടി. ഡിസംബർ ഇരുപതിന് വിമാനം പിടിച്ചു. ബാഴ്സലോണ എന്ന സ്വപ്നനഗരത്തിൽ ഞാൻ കാലുകുത്തി. ഒരിക്കലും നടക്കില്ല എന്ന് കരുതിയ ആ നിമിഷങ്ങൾ മുന്നിലെത്തിച്ചേർന്നു. ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരുപിടി താരങ്ങൾ പന്തുതട്ടുന്ന നാട്. ആ നഗരത്തിലൂടെ കാലു വേദനിക്കും വരെ ഞാൻ നടന്നു. നാട്ടിലെ പലചരക്കുകടകൾ പോലെ ബാഴ്സ ക്ലബ്ബിന്റെ കടകൾ. എല്ലാ താരങ്ങളുടെ ജേഴ്‌സിയും മറ്റു ഫുട്ബോൾ ഉപകരണങ്ങളും സുലഭമാണ്. പക്ഷെ എന്റെ കയ്യിൽ കാശ് കുറവായതിനാൽ ഒന്നും വാങ്ങാൻ സാധിച്ചില്ല. മെട്രോ കയറി ക്യാമ്പ് നൗവിന്റെ മുറ്റത്ത് വന്നിറങ്ങി. ആരാധകർക്കൊപ്പം ഞാൻ നടന്നുനീങ്ങി. അപ്പോൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരുവിധം എല്ലാ രാജ്യക്കാരുമുണ്ട്. ആ സ്റ്റേഡിയം കണ്ടപ്പോൾ എന്റെ മനസ്സ് ഒന്ന് പുളകം കൊണ്ടു. കാണേണ്ട കാഴ്ച്ചതന്നെയാണ്. ഒരിക്കലും മറക്കാനാവാത്ത കാഴ്ച്ച. അങ്ങനെ ഞാനെന്റെ നയനങ്ങൾ കൊണ്ട് ആ മനുഷ്യനെ കണ്ടു. പച്ചപ്പുൽ മൈതാനങ്ങളിൽ മായാജാലം തീർക്കുന്ന ലയണൽ മെസ്സിയെന്ന ആ മഹാമാന്ത്രികനെ. മെസ്സിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും കൂട്ടുകാരോട് തർക്കിച്ചതുമൊക്കെ മനസ്സിലേക്ക് ഓടിവന്നു.

ബാഴ്സ ആരാധകരുടെ നടുവിലായിരുന്നു ഇരിപ്പിടം. അവരോടൊപ്പം ഞാനും ചാന്റുകൾ മുഴക്കി. മലയാളത്തിൽ വരെ ഞാൻ ചാന്റുകൾ മുഴക്കി. അടുത്തുള്ളവരെ ഈ ഭാഷ കേട്ട് മുഖത്തേക്ക് നോക്കി. സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണുനിറയുകയായിരുന്നു അപ്പോൾ. അത് ഓർത്ത് ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നുണ്ട്. ഡീപോർട്ടീവോക്കെതിരെ 4-1 ന്റെ ജയം നേടി ബാഴ്സ എന്റെ മനസ്സ് നിറച്ചു. ഡിസംബർ ഇരുപത്തിയഞ്ചിന് തന്നെ ബാഴ്‌സ വിട്ട് പോർച്ചുഗല്ലിലേക്ക് പറന്നു. ഇനിയൊരു സ്വപ്നം കൂടിയുണ്ട്. ആഴ്‌സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയം കൂടിയും കാണണം. വൈകാതെ അത് നടപ്പിലാവുമെന്ന് പ്രതീക്ഷിക്കുകയാണ്. കോവിഡ് കാരണം ഇപ്പോൾ യൂറോപ്പ് മരണവീട് പോലെയാണ് നല്ല നാളെകൾ വന്നെത്തുമെന്ന പ്രതീക്ഷയോടെ ഞാൻ വിരാമം കുറിക്കുന്നു.

എന്ന് നോബിൾ

Leave a Reply

Your email address will not be published. Required fields are marked *