മെസ്സിക്കിടമില്ല, ഇടം നേടി ക്രിസ്റ്റ്യാനോയും കക്കയും, ഓസിലിന്റെ ഡ്രീം ഇലവൻ ഇങ്ങനെ !

ആഴ്‌സണലിന്റെ ജർമ്മൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ തന്റെ ഡ്രീം ഇലവൻ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് സ്വപ്നഇലവൻ ഓസിൽ പുറത്തുവിട്ടത്. ഇലവനിൽ ആധിപത്യം സ്ഥാപിച്ചത് താരത്തിന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിന്റെ താരങ്ങളായിരുന്നു. കൂടാതെ ജർമ്മനിയിൽ താരത്തിനോടൊപ്പം കളിച്ചിരുന്ന ഒരുപിടി കളിക്കാരുമുണ്ട്. നിലവിൽ ആഴ്‌സണലിൽ കളിക്കുന്ന ആർക്കും ഇലവനിൽ സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല. താരത്തോടൊപ്പം കളിക്കാത്തവരെ പരിഗണിക്കാത്തതിനാൽ സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ളവർക്കും ഇടംനേടാൻ സാധിച്ചിട്ടില്ല. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ഓസിൽ തന്റെ സ്വപ്നഇലവൻ പുറത്ത് വിട്ടത്.

ഗോൾ കീപ്പറായി ഓസിൽ തിരഞ്ഞെടുത്തിരിക്കുന്നത് റയലിന്റെ സ്പാനിഷ് കീപ്പർ ഐക്കർ കസിയ്യസിനെയാണ്. ഇരുവരും ഒരുമിച്ച് റയലിൽ കളിച്ചിട്ടുണ്ട്. റൈറ്റ് ബാക്കായി ഓസിൽ തിരഞ്ഞെടുത്തത് ജർമ്മനിയിൽ തന്നോടൊപ്പം കളിച്ച ഫിലിപ് ലാമിനെയാണ്. 2014 വേൾഡ് കപ്പ് നേടിയ ടീമിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. സെന്റർ ബാക്കുമാരിൽ ഒരാൾ റയൽ നായകൻ സെർജിയോ റാമോസാണ്. റയലിൽ ഇരുവരും ഒന്നിച്ചു കളിച്ചിട്ടുണ്ട്. മറ്റൊരാൾ ജർമനിയുടെ ജെറോം ബോട്ടങ് ആണ്. നിലവിൽ താരം ബയേണിന് വേണ്ടി കളിക്കുന്നു. ലെഫ്റ്റ് ബാക്ക് ആയി ഓസിലിന് ഇഷ്ടം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്‌സെലോയെയാണ്. മധ്യനിരയിൽ റയൽ മാഡ്രിഡ്‌ താരം സാബി അലോൺസോയാണ് ഒരാൾ. മറ്റൊരാൾ ആഴ്‌സണൽ താരം സാന്റി കസോർലയാണ്. ഇരുവരും ഒരുമിച്ച് ആഴ്‌സണലിൽ കളിച്ചിട്ടുണ്ട്. മുന്നേറ്റനിരയിലെ ഒരുതാരം റയൽ മാഡ്രിഡിന്റെ അർജന്റൈൻ താരം എയ്ഞ്ചൽ ഡിമരിയയാണ്. നിലവിൽ താരം പിഎസ്ജിക്ക് വേണ്ടി കളിക്കുന്നു. മറ്റൊരു താരം റയലിന്റെ ബ്രസീലിയൻ താരം കക്കയായിരുന്നു. മുൻ ബാലൺ ഡിയോർ ജേതാവ് കൂടിയായ കക്ക ഓസീലിനൊപ്പം റയലിൽ കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഓസിലിന്റെ ഇഷ്ടപ്പെട്ട മറ്റൊരു താരം. കൂടാതെ സ്ട്രൈക്കെർ റോളിൽ റയൽ താരമായ കരിം ബെൻസിമയുമുണ്ട്. എട്ട് റയൽ മാഡ്രിഡ്‌ താരങ്ങളാണ് ടീമിൽ ഇടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *