മാഞ്ചസ്റ്റർ ഡെർബിക്ക്‌ കളമൊരുങ്ങുന്നു, ടീം ന്യൂസുകൾ ഇങ്ങനെ!

പ്രീമിയർ ലീഗിലെ 11-ആം റൗണ്ട് മത്സരങ്ങളിൽ നഗരവൈരികളുടെ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ശനിയാഴ്ച്ച വൈകീട്ട് ഇന്ത്യൻ സമയം ആറ് മണിക്ക് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.

ഇതിന് മുന്നോടിയായുള്ള ടീം ന്യൂസ് ഇപ്പോൾ യുണൈറ്റഡ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങി കൊണ്ടാണ് യുണൈറ്റഡ് ഡെർബിക്കൊരുങ്ങുന്നത്. പരിക്കേറ്റ സൂപ്പർ താരം റാഫേൽ വരാനെക്ക്‌ ഈ മത്സരം നഷ്ടമാവും.ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തുപ്പെട്ടിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ കളിക്കാത്ത ലിന്റലോഫ് ഈ മത്സരത്തിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ പോൾ പോഗ്ബക്ക്‌ സിറ്റിക്കെതിരെ കളിക്കാനാവില്ല. താരത്തിന്റെ പ്രീമിയർ ലീഗിലെ സസ്‌പെൻഷൻ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കവാനി,സാഞ്ചോ, ഡോണി വാൻ ഡി ബീക്ക്,ഗ്രീൻവുഡ് എന്നിവരൊക്കെ അറ്റലാന്റക്കെതിരെ പകരക്കാരുടെ രൂപത്തിൽ കളിച്ചവരാണ്. അവരെയെല്ലാം സിറ്റിക്കെതിരെ ലഭ്യമാവും.പോഗ്ബയുടെ സ്ഥാനത്ത് നെമഞ മാറ്റിചിനെ കൂടി പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

സിറ്റിയുടെ കാര്യത്തിലേക്ക്‌ വന്നാൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ ക്ലബ് ബ്രൂഗെയെ തകർത്തു വിട്ടിട്ടുണ്ട്.ഫെറാൻ ടോറസ് നിലവിൽ പരിക്കിന്റെ പിടിയിലാണ്. കൂടാതെ കെയിൽ വാക്കറേ കൂടി പരിക്ക് അലട്ടുന്നുണ്ട്. താരം കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.അയ്മറിക്ക് ലപോർട്ടെ സസ്പെൻഷനിലാണ്.ജോൺ സ്റ്റോനെസ്, നഥാൻ അകെ എന്നിവരിൽ ഒരാളെയായിരിക്കും ഈ സ്ഥാനത്തേക്ക് പെപ് പരിഗണിക്കുക.

ഏതായാലും റൊണാൾഡോ തിരികെ എത്തിയതിന് ശേഷമുള്ള ആദ്യ മാഞ്ചസ്റ്റർ ഡെർബിയാണിത്. ക്രിസ്റ്റ്യാനോയുടെ മാരകഫോം സിറ്റിയെ സംബന്ധിച്ചിടത്തോളം തലവേദനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!