പ്രീമിയർ ലീഗിലെ മോശം തുടക്കം, നാണംകെട്ട് ആഴ്സണൽ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ആഴ്സണലിനെ വോൾവ്‌സ് തകർത്തു വിട്ടത്. മത്സരത്തിൽ വോൾവ്‌സിന് വേണ്ടി നെറ്റോ, പോഡെൻസ് എന്നിവർ വലകുലുക്കിയപ്പോൾ ഗബ്രിയേൽ ആണ് ആഴ്‌സണലിന്റെ ഗോൾ നേടിയത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ആഴ്സണൽ വഴങ്ങുന്ന അഞ്ചാം തോൽവിയാണിത്. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേവലം പതിമൂന്ന് പോയിന്റുകൾ മാത്രമാണ് ഗണ്ണേഴ്‌സിന് നേടാൻ സാധിച്ചിട്ടുള്ളത്. നാലു വിജയവും ഒരു സമനിലയും അഞ്ച് തോൽവിയുമാണ് ആർട്ടെറ്റയുടെ സംഘം നേടിയത്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല, വോൾവ്‌സ് എന്നിവരാണ് ഇതുവരെ ആഴ്‌സണലിനെ കീഴടക്കിയവർ. ഈ അടുത്ത കാലത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മോശം തുടക്കമാണ് ആഴ്സണൽ ഈ സീസണിൽ പുറത്തെടുത്തിരിക്കുന്നത്.

1981-82 സീസണിന് ശേഷം ഇതാദ്യമായാണ് ആഴ്സണൽ ആദ്യത്തെ പത്ത് മത്സരങ്ങളിൽ നിന്ന് ഇത്രയും കുറഞ്ഞ പോയിന്റുകൾ നേടുന്നത്. ആർട്ടെറ്റ പരിശീലകനായി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് കേവലം അഞ്ച് തോൽവികൾ മാത്രമാണ് വഴങ്ങിയിരുന്നത്. എന്നാൽ ഈ സീസണിലാവട്ടെ പത്ത് മത്സരങ്ങളിൽ അഞ്ചണ്ണത്തിലും തോൽവി അറിഞ്ഞു കഴിഞ്ഞു. അവസാനമായി കളിച്ച ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പീരങ്കിപ്പടക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനക്കാരായ ടോട്ടൻഹാമുമായി എട്ട് പോയിന്റുകൾക്ക്‌ പിറകിലാണ് ആഴ്സണൽ. ലീഗിൽ പതിനാലാം സ്ഥാനത്താണ് ആഴ്സണൽ. ഇനിയും തോൽവികൾ തുടർന്നാൽ തരം താഴ്ത്തൽ ഭീഷണി ആഴ്സണൽ നേരിടേണ്ടി വന്നേക്കും. ഏതായാലും ടീമിന്റെ പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *