ന്യൂകാസിലിനെയും തകർത്ത് ചെൽസി, പോയിന്റ് ടേബിളിൽ തലപ്പത്ത് !
പ്രീമിയർ ലീഗിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലംപാർഡിന്റെ നീലപ്പട ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു വിട്ടത്. ചെൽസിക്ക് വേണ്ടി ടമ്മി അബ്രഹാം ഗോൾ കണ്ടെത്തി. ശേഷിച്ച ഒരു ഗോൾ ന്യൂകാസിൽ താരം ഫെഡറികോ ഫെർണാണ്ടസിന്റെ സെൽഫ് ഗോളായിരുന്നു. മത്സരത്തിൽ ചെൽസി തന്നെയായിരുന്നു ആധിപത്യം പുലർത്തിയത്. ജയത്തോടെ പതിനെട്ടു പോയിന്റുമായി ചെൽസി ഒന്നാമത് എത്തിയിട്ടുണ്ട്. എല്ലാവരേക്കാളും ഒരു മത്സരം കൂടുതൽ കളിച്ച ചെൽസിയുടെ സമ്പാദ്യം അഞ്ച് വിജയവും ഒരു തോൽവിയും മൂന്ന് സമനിലയുമാണ്.
Nine games unbeaten. 💪
— Chelsea FC (@ChelseaFC) November 21, 2020
Five wins in a row. 🙌#NEWCHE pic.twitter.com/axtMtAdZi3
തിയാഗോ സിൽവയെ പുറത്തിരുത്തി കൊണ്ടാണ് ലംപാർഡ് ടീമിനെ കളത്തിലേക്കിറക്കിയത്. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ഗോൾ വന്നു. പന്ത് ചെൽസി താരം ചിൽവെല്ലിലേക്ക് എത്തുന്നത് തടയാൻ ശ്രമിച്ച ഫെഡറികോയുടെ കാലുകളിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് തന്നെ കയറുകയായിരുന്നു. ഈയൊരു ഗോളിന്റെ ലീഡിലാണ് ചെൽസി ആദ്യ പകുതി പൂർത്തിയാക്കിയത്. രണ്ടാം പകുതിയുടെ അറുപത്തിയഞ്ചാം മിനിറ്റിലാണ് അബ്രഹാമിന്റെ ഗോൾ വന്നത്. ടിമോ വെർണർ നടത്തിയ ആക്രമണം ഫിനിഷ് ചെയ്യേണ്ട ജോലി മാത്രമായിരുന്നു എബ്രഹാമിന് ഉണ്ടായിരുന്നത്. ഗോൾ കീപ്പറായ മെന്റിക്ക് വീണ്ടും ക്ലീൻഷീറ്റ് കരസ്ഥമാക്കാനായി. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് ക്ലീൻ ഷീറ്റുകളാണ് മെന്റി ചെൽസിക്ക് വേണ്ടി കരസ്ഥമാക്കിയത്. ഇനി ടോട്ടൻഹാമിനെതിരെയാണ് പ്രീമിയർ ലീഗിൽ ചെൽസിയുടെ മത്സരം.
𝗧𝗵𝗿𝗲𝗲 𝗽𝗼𝗶𝗻𝘁𝘀 on the road! 👌#NEWCHE pic.twitter.com/hXBmFuEwLd
— Chelsea FC (@ChelseaFC) November 21, 2020