തന്റെ സ്ഥാനത്തിനായി പോരാട്ടം തുടരും, വേദനയോടെ ആരാധകർക്ക് സന്ദേശമയച്ച് ഓസിൽ !

കഴിഞ്ഞ ദിവസമാണ് ആഴ്സണൽ പരിശീലകൻ ആർട്ടെറ്റയുടെ ഭാഗത്ത് നിന്നും ഞെട്ടിക്കുന്ന ഒരു തീരുമാനമുണ്ടായത്. ഈ പ്രീമിയർ ലീഗ് സീസണിലേക്കുള്ള ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡിൽ നിന്നും ഓസിലിനെ ഇദ്ദേഹം തഴഞ്ഞിരുന്നു. മുമ്പ് യൂറോപ്പ ലീഗിനുള്ള സ്‌ക്വാഡിൽ നിന്നും താരത്തെ തഴഞ്ഞിരുന്നു. ഇതോടെ ഓസിൽ ഇനി ആഴ്സണലിന് വേണ്ടി കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ മാർച്ചിന് ശേഷം ഒരൊറ്റ മത്സരം പോലും കളിക്കാൻ ഓസിലിന് സാധിച്ചിരുന്നില്ല. ജർമ്മൻ ടീമിൽ നിന്നും പുറത്തായതിന് പിന്നാലെ ഇപ്പോൾ ആഴ്‌സണലിൽ നിന്നും ഓസിൽ പുറത്തായത് ഫുട്ബോൾ പ്രേമികൾക്ക് വേദനാജനകമായ ഒരു സംഭവമാണ്. ഇപ്പോഴിതാ വളരെ വേദനയോട് കൂടി തന്റെ ആരാധകർക്ക് സന്ദേശം അയച്ചിരിക്കുകയാണ് ഓസിൽ. തന്റെ സാമൂഹികമാധ്യമങ്ങൾ വഴിയാണ് ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഓസിൽ പുറത്തു വിട്ടിരിക്കുന്നത്. തന്റെ സ്ഥാനത്തിനായി താൻ പോരാട്ടം തുടരുമെന്നാണ് ഓസിൽ ഇതിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. കുറിപ്പിന്റെ രത്നചുരുക്കം താഴെ നൽകുന്നു.

” വളരെയധികം ബുദ്ദിമുട്ടോട് കൂടിയാണ് ആഴ്സണൽ ആരാധകർക്ക് ഞാൻ ഈ സന്ദേശം എഴുതുന്നത്. ഈ പ്രീമിയർ ലീഗ് സീസണിന് വേണ്ടി എന്റെ പേര് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതിൽ ഞാൻ കടുത്ത നിരാശനാണ്. 2018-ൽ എന്റെ കരാർ പുതുക്കിയതിന് ശേഷവും എന്റെ സ്നേഹവും ആത്മാർത്ഥയും ഞാൻ ഈ ടീമിനോട് പ്രകടിപ്പിച്ചതാണ്. പക്ഷെ ഏറ്റവും ദുഃഖകരമായ കാര്യം അതെനിക്ക് ഇങ്ങോട്ട് തിരിച്ചു ലഭിക്കുന്നില്ല എന്നതാണ്. സത്യത്തിൽ ഈ ദിവസങ്ങളിൽ ആർത്മാർത്ഥ എന്നുള്ളത് കടുപ്പമേറിയ ഒരു കാര്യമായി അനുഭവപ്പെടുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ സ്‌ക്വാഡിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ. അത്കൊണ്ടാണ് ഇത്രയും കാലം ഞാൻ മൗനം പാലിച്ചതും. കൊറോണ വൈറസ് ബ്രേക്കിന് മുമ്പ്, പുതിയ പരിശീലകൻ ആർട്ടെറ്റക്ക് കീഴിൽ ഞാൻ സന്തോഷവാനായിരുന്നു. അന്ന് എന്റെ പ്രകടനം മികച്ച രീതിയിലുമായിരുന്നു. പക്ഷെ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ഇനി എനിക്ക് ആഴ്സണലിൽ കളിക്കാൻ അനുവാദമില്ല. എന്താണ് ഞാൻ പറയേണ്ടത്? ഇതെന്റെ വീടാണ്. എനിക്ക് ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെയുണ്ട്. എന്തൊക്കെയായാലും ഞാൻ എന്റെ സ്ഥാനത്തിനായി പോരാട്ടം തുടരും. ഞാൻ എന്നെ കൊണ്ടാവും വിധം ഈ മനുഷ്യത്വമില്ലായ്മക്കെതിരെയും അനീതിക്കെതിരെയും ശബ്ദമുയർത്തി കൊണ്ടിരിക്കും ” ഓസിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *