ടോപ് വൺ ടീമാണ് യുണൈറ്റഡ് : ക്രിസ്റ്റ്യാനോയെ തിരുത്തി റൂണി

നിലവിൽ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കടന്നുപോകുന്നത്. പ്രീമിയർ ലീഗിലെ ഏഴാം സ്ഥാനക്കാരാണ് യുണൈറ്റഡ്. എന്നാൽ ഇതിനെതിരെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിമർശനമറിയിച്ചിരുന്നു. അതായത് യുണൈറ്റഡ് ആദ്യ മൂന്നു സ്ഥാനങ്ങളിലെങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ടെന്നും അതിന് താഴേക്കുള്ളത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നുമാണ് ക്രിസ്റ്റ്യാനോ അറിയിച്ചിരുന്നത്.

എന്നാൽ ക്രിസ്റ്റ്യാനോയെ തിരുത്തി കൊണ്ട് മുൻ സഹതാരവും യുണൈറ്റഡ് ഇതിഹാസവുമായ വെയിൻ റൂണി രംഗത്ത് വന്നിട്ടുണ്ട്. യുണൈറ്റഡ് ടോപ് ത്രീ ടീമല്ലെന്നും ടോപ് വൺ ടീമായാണ് മാറേണ്ടത് എന്നുമാണ് റൂണി അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ടോപ് ത്രീ ടീമല്ല, മറിച്ച് ടോപ് വൺ ടീമാണ് യുണൈറ്റഡ് ആയി മാറേണ്ടത്.അതാണ് ആരാധകർക്ക് നിങ്ങളിൽ നിന്നും ആവശ്യമുള്ളത്.അതാണ് ക്ലബും ഡിമാൻഡ് ചെയ്യുന്നത്.തീർച്ചയായും നിലവിൽ അവർ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പക്ഷേ ഈ ക്ലബ് കിരീടങ്ങൾ നേടാനുള്ളതാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്ന ഓരോ താരങ്ങളോടൊപ്പവും ആ സമ്മർദ്ദം വരേണ്ടതുണ്ട്.ആ ലെവലിലേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ തിരിച്ചെത്തേണ്ടത്.ശരിയായ കാര്യങ്ങൾ ചെയ്താൽ യുണൈറ്റഡ് ആ ലെവലിലേക്ക് എത്തുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല” റൂണി പറഞ്ഞു.

നിലവിൽ ഏഴാമതുള്ള യുണൈറ്റഡിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിട്ടുണ്ട്.കാരണം ഒന്നാം സ്ഥാനക്കാരായ സിറ്റിയെക്കാൾ 22 പോയിന്റിന് പിന്നിലാണ് യുണൈറ്റഡ്. ചാമ്പ്യൻസ് ലീഗിനെങ്കിലും യോഗ്യത നേടുക എന്നുള്ളതാവും നിലവിൽ യുണൈറ്റഡിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!