ഞങ്ങൾ തിരിച്ചു വരും,എനിക്ക് സ്വയം തെളിയിക്കണം, സ്ഥാനം തെറിക്കാതിരിക്കാൻ കാരണമുണ്ട്:പെപ്
വളരെ മോശം പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.അതിനുശേഷം നടന്ന കഴിഞ്ഞ മത്സരത്തിൽ ഞെട്ടിക്കുന്ന ഒരു സമനില അവർക്ക് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു. മൂന്ന് ഗോളുകളുടെ ലീഡ് സിറ്റി എടുത്തുവെങ്കിലും പിന്നീട് 3 ഗോളുകൾ വഴങ്ങിക്കൊണ്ട് സിറ്റി വിജയം കൈവിടുകയായിരുന്നു.അത് അവരുടെ പരിശീലകനായ പെപ്പിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു.
ഏതായാലും ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി തിരിച്ചു വരുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തനിക്ക് സ്വയം തെളിയിക്കേണ്ടതുണ്ടെന്ന് തന്റെ പരിശീലകസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ കാരണം മുൻകാല നേട്ടങ്ങളാണ് എന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇതിൽ നിന്നും ഒളിച്ചോടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഇവിടെത്തന്നെയുണ്ട്. എനിക്ക് എന്റെ ടീമിനെ റീബിൽഡ് ചെയ്തെടുക്കണം.അടുത്ത സീസണിൽ ഏറ്റവും മികച്ച നിലയിലേക്ക് ഞങ്ങൾക്ക് മാറണം. 10 വർഷം സ്ഥിരതയോടു കൂടി കളിച്ച ഏതെങ്കിലും ഒരു ടീമിനെ നിങ്ങൾക്ക് കാണിച്ചു തരാൻ സാധിക്കുമോ? ഫുട്ബോളിൽ എന്നല്ല,കായികലോകത്ത് തന്നെ അങ്ങനെ ഒന്നില്ല.തീർച്ചയായും ഇത് എന്റെ ഉത്തരവാദിത്വമാണ്.എനിക്ക് സ്വയം തെളിയിക്കണം.അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ തിരിച്ചു വരിക തന്നെ ചെയ്യും. എപ്പോൾ?എന്ന് എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞങ്ങൾ തിരിച്ചു വരും. ഞാൻ ഇപ്പോഴും ഈ പരിശീലക സ്ഥാനത്ത് തുടരുന്നത് എന്റെ മുൻകാല നേട്ടങ്ങൾ കാരണമാണ് “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത് വളരെ കഠിനമായ ഒരു പരീക്ഷണമാണ്. മിന്നും ഫോമിൽ കളിക്കുന്ന ലിവർപൂളാണ് അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ അവരുടെ എതിരാളികൾ. നാളെ വൈകിട്ട് ഇന്ത്യൻ സമയം 9:30ന് ആൻഫീൽഡിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം നടക്കുക. റയൽ മാഡ്രിഡിനെ തകർത്തുകൊണ്ട് വരുന്ന ലിവർപൂളിനെ പരാജയപ്പെടുത്തണമെങ്കിൽ നിലവിലെ അവസ്ഥയിൽ മാഞ്ചസ്റ്റർ സിറ്റി നന്നായി വിയർക്കേണ്ടി വരും.