ഞങ്ങൾ അവരെ പോലെ സിറ്റിയോട് നാണംകെട്ടിട്ടില്ല: റയലിനെ പരിഹസിച്ച് ലീഡ്‌സ് പരിശീലകൻ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്‌സ് യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തേക്ക് സാം അലഡെയ്സ് എത്തിയിട്ട് രണ്ടു മത്സരങ്ങൾ മാത്രമാണ് ഇപ്പോൾ പിന്നിട്ടിട്ടുള്ളത്. ആ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണ് ലീഡ്‌സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ്‌സ് പരാജയപ്പെടുകയായിരുന്നു. പിന്നീട് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡും ലീഡ്സ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർന്നടിഞ്ഞിരുന്നു.ഇതിപ്പോൾ ലീഡ്‌സ് യുണൈറ്റഡിന്റെ പരിശീലകനായ സാം അലഡെയ്സ് പരിഹാസ വിഷയമാക്കിയിട്ടുണ്ട്. ഞങ്ങൾ റയലിനെ പോലെ സിറ്റിയോട് നാണം കെട്ടിട്ടില്ല എന്നാണ് സാം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡ് ഈ ആഴ്ച്ച മാഞ്ചസ്റ്റർ സിറ്റിയോട് നാണം കെടുന്നത് ഞാൻ കണ്ടു. ഏതായാലും ഞങ്ങൾ അങ്ങനെ നാണംകെട്ടിട്ടില്ല.തീർച്ചയായും ഈ ടീമിന് അകത്തുള്ള എല്ലാ കാര്യങ്ങളും ഞാൻ ആസ്വദിക്കുന്നുണ്ട്.ആദ്യത്തെ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുക എന്നുള്ളത് ഒട്ടും സഹായകരമായ കാര്യമല്ല. മാത്രമല്ല ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ രണ്ട് പെനാൽറ്റികളാണ് അവർക്ക് നൽകിയിട്ടുള്ളത്. പക്ഷേ ഞങ്ങൾക്ക് പ്രീമിയർ ലീഗിൽ തന്നെ തുടരേണ്ടതുണ്ട്. അതിന് ഞങ്ങൾ ഒരു മാർഗം കണ്ടെത്തേണ്ടതുണ്ട് “ഇതാണ് ലീഡ്‌സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡ് പതിനെട്ടാം സ്ഥാനത്താണ്. അതായത് അവർ റെലഗേറ്റഡാവാൻ സാധ്യതയുണ്ട്. അതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.ഇനി വെസ്റ്റ് ഹാം,ടോട്ടൻഹാം എന്നിവരാണ് ലീഡ്‌സിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!