ജർമ്മനിയുടെ ദുരിതകാലമവസാനിപ്പിക്കാൻ ക്ലോപിനെ പരിശീലകനായി എത്തിക്കണമെന്ന് ആരാധകർ, പ്രതികരണമറിയിച്ച് ക്ലോപ് !

സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ജർമ്മനി കടന്നു പോവുന്നത്. അവസാനത്തെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ജർമ്മനി സ്പെയിനിന് മുന്നിൽ തകർന്നടിഞ്ഞത്. തുടർന്ന് നേഷൻസ് ലീഗിൽ നിന്നും പുറത്തായതോടെ പരിശീലകൻ ജോക്കിം ലോയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2018-ലെ വേൾഡ് കപ്പിലും മോശം പ്രകടനം പുറത്തെടുത്ത ജർമ്മനി അതിന് ശേഷവും മോശം പ്രകടനം തന്നെ തുടരുകയായിരുന്നു. ഇതോടെ ലോയെ പുറത്താക്കി യുർഗൻ ക്ലോപിനെ പരിശീലകനാക്കി നിയമിക്കണമെന്നാണ് ആരാധകരുടെ ആവിശ്യം. ജർമ്മനിക്കാരനായ ക്ലോപ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെയാണ് നിലവിൽ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതുപേക്ഷിച്ചു കൊണ്ട് ജർമ്മനിയുടെ പരിശീലകനാവാൻ താനില്ലെന്ന് ക്ലോപ് തുറന്നു പറഞ്ഞിരിക്കുകയാണ്.

” ജർമ്മനിയുടെ പരിശീലകനാവുമോ എന്ന ചോദ്യത്തിനാണ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ഉത്തരം നൽകിയിട്ടുള്ളത്. ഭാവിയിൽ ചിലപ്പോൾ ആയേക്കും. പക്ഷെ ഇപ്പോൾ എനിക്കതിനു സമയമില്ല. എനിക്കിപ്പോൾ നിലവിൽ ഒരു ജോലിയുണ്ട്. മികച്ച ഒരു ജോലി തന്നെയാണ് ഇപ്പോൾ ഉള്ളത്. ആരെങ്കിലും എന്നോട് ആവിശ്യപ്പെടുമോ എന്നൊന്നും അറിയില്ല. പക്ഷെ എനിക്കിപ്പോൾ ലിവർപൂളിന്റെ ദൗത്യമാണ്. ഇവിടെയുള്ള ഒരുപാട് കാര്യങ്ങൾക്ക്‌ ഞാൻ ഉത്തരവാദിയാണ്. അതിനാൽ തന്നെ മറ്റൊരു വെല്ലുവിളിയെ ഞാൻ അന്വേഷിക്കുന്നില്ല. പുതിയ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് തത്കാലം ഞാൻ അവസാനിപ്പിച്ചിരിക്കുന്നു ” ക്ലോപ് പറഞ്ഞു. 2024 വരെയാണ് ക്ലോപിന് ലിവർപൂളുമായി കരാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *