ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ സാഞ്ചോ യുണൈറ്റഡിൽ !

യുവേഫ ചാമ്പ്യൻസ് ലീഗിന് മാഞ്ചസ്റ്റർ യുണൈറ്റഡ് യോഗ്യത നേടിയാൽ ജേഡൻ സാഞ്ചോ ഓൾഡ് ട്രാഫോർഡിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ഫലങ്ങളെ ആശ്രയിച്ചായിരിക്കും സാഞ്ചോ യുണൈറ്റഡിലേക്ക് ചേക്കേറുക എന്നാണ് ഇവർ സൂചിപ്പിക്കുന്നത്. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇനി മൂന്ന് മത്സരങ്ങൾ ആണ് ലീഗിൽ അവശേഷിക്കുന്നത്. ഈ മത്സരങ്ങൾ വിജയിക്കുകയും കൂടാതെ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചുമാണ് യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ നിലനിൽക്കുന്നത്. ഇതനുസരിച്ചായിരിക്കും താരം യുണൈറ്റഡിനെ പരിഗണിച്ചേക്കുക.

ഇത് കൂടാതെ 109 മില്യൺ പൗണ്ട് താരത്തിന് വേണ്ടി ലഭിക്കണം എന്ന നിലപാടിലാണ് ബൊറൂസിയ ഡോർട്മുണ്ട്. എന്നാൽ അൻപത് പൗണ്ടിൽ കൂടുതൽ തങ്ങൾ തരില്ലെന്ന് മുൻപ് യുണൈറ്റഡ് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ നിലപാട് മയപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. കൂടാതെ ലിംഗാർഡ്, സാഞ്ചസ്, റോഹോ എന്നീ താരങ്ങളെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ താരത്തെ തട്ടകത്തിൽ എത്തിക്കാം എന്നാണ് യുണൈറ്റഡ് കരുതുന്നത്. പക്ഷെ ഇങ്ങനെയൊക്കെ പദ്ധതിയിട്ടിരുന്നുവെങ്കിലും ചാമ്പ്യൻസ് ലീഗ് സാധ്യതകൾ ഇവയെ തകിടം മറിച്ചേക്കാം. അതേസമയം താരത്തിന്റെ നിലവിലെ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുമുണ്ട്. എല്ലാ കോംപിറ്റീഷനുകളിലുമായി ഇരുപത് ഗോളുകളും ഇരുപത് അസിസ്റ്റുകളും സാഞ്ചോ ഇതുവരെ നേടികഴിഞ്ഞു. താരത്തിന്റെ ബലത്തിൽ തന്നെയാണ് ബൊറൂസിയ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതും. ഇതിനാൽ തന്നെ അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന് താരം ആഗ്രഹിക്കുന്നുണ്ട്. ഏതായാലും പ്രീമിയർ ലീഗ് അവസാനിച്ചതിന് ശേഷം ഇതിനെ കൂടുതൽ വ്യക്തതകൾ കൈവരും.

Leave a Reply

Your email address will not be published. Required fields are marked *