ക്ലോപ് vs ബിയൽസ, ആവേശപോരാട്ടം ഇന്ന്, സാധ്യത ലൈനപ്പ് ഇങ്ങനെ !
2020/21 പ്രീമിയർ ലീഗ് സീസണിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ ഒരു ആവേശപോരാട്ടമാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളും പതിനാറ് വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന ലീഡ്‌സ് യുണൈറ്റഡുമാണ് ഇന്ന് കൊമ്പുകോർക്കുന്നത്. ജയത്തോടെ തുടങ്ങാൻ ക്ലോപിന്റെ സംഘം തുനിഞ്ഞിറങ്ങുമ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാതെ പൊരുതാനുറച്ചാവും ബിയൽസയുടെ ശിഷ്യൻമാർ കളത്തിലേക്കിറങ്ങുക. ഇന്ന് രാത്രി ഇന്ത്യൻ സമയം പത്ത് മണിക്കാണ് മത്സരം നടക്കുക. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് പോരാട്ടം അരങ്ങേറുക. പ്രീമിയർ ലീഗിൽ ഇന്ന് വേറെയും പോരാട്ടങ്ങൾ ഉണ്ട്. കരുത്തരായ ആഴ്സനൽ ഫുൾഹാമിനെ നേരിടുമ്പോൾ ക്രിസ്റ്റൽ പാലസ് സതാംപ്റ്റനെയും വെസ്റ്റ്ഹാം ന്യൂ കാസിലിനെയും നേരിടും.
🔴 #YNWA | #MOT ⚪️
— Liverpool FC (@LFC) September 11, 2020
🔴 Mighty Reds | Super Whites ⚪️
🔴 Klopp | Bielsa ⚪️
🔴 PL champions | FL champions ⚪️
Plenty of history… now it's time to renew our rivalry, @LUFC 💪 pic.twitter.com/9OHCTNLFQ5
കഴിഞ്ഞ സീസണിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ട് കിരീടം നേടിയ തലയെടുപ്പോടെയാണ് ചെമ്പട ഇന്ന് ബൂട്ടണിയുക. എന്നാൽ പ്രീമിയർ ലീഗിലെ അവസാന മത്സരഫലങ്ങളും കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിലെ തോൽവിയുമൊക്കെ കൂട്ടികിഴിച്ചു നോക്കിയാൽ ലിവർപൂളിനും അത്ര നല്ല കാലമല്ല. പക്ഷെ ഗോളടിച്ചു കൂട്ടുന്ന മുന്നേറ്റനിര തന്നെയാണ് ലിവർപൂളിന്റെ ശക്തി. മറുഭാഗത്ത് ഏറെ കാലത്തിന് ശേഷമുള്ള അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ്. മാഴ്‌സെലോ ബിയൽസയുടെ തന്ത്രങ്ങൾ തന്നെയാണ് ലീഡ്‌സിന്റെ കരുത്ത്. സ്പാനിഷ് സൂപ്പർ താരം റോഡ്രിഗോ മൊറീനോയെ ലീഡ്‌സ് ടീമിൽ എത്തിച്ചിരുന്നു. താരത്തെ മുൻനിർത്തിയാവും ലീഡ്‌സ് ആക്രമണങ്ങൾ മെനയുക. എന്നാൽ കടലാസിലെ കണക്കുകൾ ലീഡ്‌സിന് അനുകൂലമല്ല.
2016-ൽ ഇഎഫ്എൽ കപ്പിൽ ഇരുവരും തമ്മിൽ കൊമ്പുകോർത്തപ്പോൾ ലിവർപൂളിനായിരുന്നു ജയം.ഡിവോക്ക് ഒറിഗിയുടെയും ബെഞ്ചമിന്റെയും ഗോളുകൾക്കാണ് ലിവർപൂൾ ലീഡ്‌സിനെ തോൽപ്പിച്ചിരുന്നത്. ഇനി പ്രീമിയർ ലീഗിലെ അവസാനകണക്കുകൾ എടുത്തു നോക്കിയാലും ഇത് തന്നെയാണ് സ്ഥിതി. ഒക്ടോബർ 2003-ൽ ആൻഫീൽഡിൽ വെച്ചായിരുന്നു ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്നും ലിവർപൂൾ വിജയം കൊയ്യുകയായിരുന്നു. 3-1 ആയിരുന്നു സ്കോർ. എന്നാൽ ഇത്തവണ ലിവർപൂളിനെ അട്ടിമറിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലീഡ്‌സ് കളത്തിലേക്കിറങ്ങുന്നത്.
ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് നൽകുന്നു (ഹൂ സ്‌കോർഡ് ഡോട്ട് കോം)