ക്രിസ്റ്റ്യാനോയുടെ ആ പ്രസ്താവന കൊണ്ടൊന്നും ഒരു കാര്യവുമില്ല : വിശദീകരിച്ച് മുൻ താരം!

നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.ഇതിലുള്ള അതൃപ്തി സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. അതായത് ആറോ ഏഴോ സ്ഥാനത്തിനു വേണ്ടി പോരാടാനല്ല താൻ ഇവിടെ ഉള്ളതെന്നായിരുന്നു റൊണാൾഡോ അറിയിച്ചിരുന്നത്.യുണൈറ്റഡ് ആദ്യ മൂന്നിൽ എങ്കിലും ഫിനിഷ് ചെയ്യണമെന്നും അതിനു താഴേക്ക് പോകുന്ന ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോയുടെ ഈയൊരു ഈ പ്രസ്താവന കൊണ്ട് ഒരു കാര്യവുമുണ്ടാവില്ല എന്നാണ് മുൻ ഇംഗ്ലീഷ് താരമായ ഡാരൻ ബെന്റ് വിശ്വസിക്കുന്നത്.അതായത് യുണൈറ്റഡിന് ആദ്യ മൂന്നിൽ ഫിനിഷ് ചെയ്യാൻ സാധിക്കില്ല എന്നാണ് ബെന്റ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ടോക്ക് സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോയുടെ മെന്റാലിറ്റി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.ടീമിനോടൊപ്പവും വ്യക്തിഗതമായും ഒരുപാട് വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു താരത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.സത്യം എന്തെന്നാൽ ആദ്യ നാലിൽ എത്തുന്നതിന് വേണ്ടി പോരാടുന്നത് പോലും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അദ്ദേഹത്തിന് കിരീടത്തിന് വേണ്ടിയാണ് പോരാടേണ്ടത്. പക്ഷെ അദ്ദേഹത്തിന്റെ ആ പ്രസ്താവന കൊണ്ട് ഒരു കാര്യവുമില്ല.യുണൈറ്റഡ് ആദ്യ മൂന്നിൽ ഫിനിഷ് ചെയ്യാനുള്ള ഒരവസരവും ഇവിടെയില്ല.ചെൽസി, ലിവർപൂൾ, സിറ്റി എന്നിവരെ പിടിക്കാൻ യുണൈറ്റഡിന് സാധിക്കില്ല. കാരണം ഇവർ തമ്മിലുള്ള അന്തരം വളരെ വലുതാണ്.പക്ഷെ ക്രിസ്റ്റ്യാനോയുടെ പ്രസ്താവന എനിക്കിഷ്ടപ്പെട്ടു. കാരണം ചില സമയങ്ങളിൽ താരങ്ങളുടെ കണ്ണുതുറപ്പിക്കാൻ ഡ്രസ്സിങ് റൂമിൽ ഇങ്ങനെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാൾ ആവിശ്യമാണ് ” ബെന്റ് പറഞ്ഞു.

യുണൈറ്റഡിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു സോൾഷെയർക്ക് പരിശീലക സ്ഥാനം നഷ്ടമായിരുന്നത്.എന്നാൽ പകരക്കാരനായി എത്തിയ റാൾഫിനും വലിയ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!