ഓട്ടോഗ്രാഫിന് 100 പൗണ്ട്, ഭക്ഷണം കഴിക്കാൻ 500: വിമർശനങ്ങളോട് പ്രതികരിച്ച് ഇംഗ്ലീഷ് ഇതിഹാസം ടെറി.

പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് വേണ്ടിയും ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടിയും ദീർഘകാലം കളിച്ചിട്ടുള്ള ഇതിഹാസമാണ് ജോൺ ടെറി. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ആരാധകർക്ക് വേണ്ടി ഒരു ഷോ സംഘടിപ്പിച്ചിരുന്നു. എന്നാൽ തന്നെ വളരെയധികം സ്നേഹിക്കുന്ന ആരാധകരിൽ നിന്നും എല്ലാ കാര്യത്തിനും അദ്ദേഹം പണം ഈടാക്കിയിരുന്നു. അതായത് അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ 100 പൗണ്ട് ആയിരുന്നു ഈടാക്കിയിരുന്നത്. മാത്രമല്ല 500 പൗണ്ട് നൽകി കഴിഞ്ഞാൽ അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരവും ലഭിക്കുമായിരുന്നു. പക്ഷേ ഇദ്ദേഹത്തിന്റെ ഈ പ്രവർത്തി വലിയ രൂപത്തിൽ വിമർശനങ്ങൾക്ക് വിധേയമായി.

ഇംഗ്ലീഷ് മാധ്യമങ്ങൾ ഇത് വിവാദമാക്കിയപ്പോൾ ടെറി തന്നെ ഇതിനെ വിശദീകരണം നൽകിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. 8 മാസങ്ങൾക്ക് മുന്നേ താൻ ആരംഭിച്ച തന്റെ ഫൗണ്ടേഷന് ഫണ്ട് സമാഹരിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ടെറിയുടെ വിശദീകരണം.ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ജോൺ ടെറി 26 എന്ന ഫൗണ്ടേഷൻ ഈയിടെയായിരുന്നു അദ്ദേഹം രൂപീകരിച്ചിരുന്നത്.ആരാധകരിൽ നിന്നും പണം ഈടാക്കിയതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്.

” ആരാധകരിൽ നിന്നും 100 പൗണ്ട് ഈടാക്കിയതിനെ കുറിച്ച് ഒരുപാട് വാർത്തകൾ മാധ്യമങ്ങളിൽ വരുന്നുണ്ട്.പക്ഷേ അവരെല്ലാം പറയാൻ മറന്ന ഒരു കാര്യമുണ്ട്. ആ പണം ഞാൻ സമാഹരിച്ചിട്ടുള്ളത് എന്റെ പുതിയ ഫൗണ്ടേഷന് വേണ്ടിയാണ്.ജോൺ ടെറി 26 എന്നാണ് ഫൗണ്ടേഷന്റെ പേര്. 8 മാസങ്ങൾക്ക് മുന്നേയാണ് ഞാൻ ഇത് രൂപീകരിച്ചത്. ചെൽസിയുമായി കൈകോർത്തുകൊണ്ട് കഴിഞ്ഞ 22 വർഷമായി ഞാൻ ഈ ചാരിറ്റി മേഖലകളിൽ ഉണ്ട്. വ്യക്തിപരമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഈ ഫൗണ്ടേഷൻ തുടങ്ങിയത്. പ്രധാനമായും രോഗികളായ കുട്ടികളെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ആരംഭിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഈ ഷോ പോലും ആരാധകർക്ക് വേണ്ടി ഞാൻ സംഘടിപ്പിച്ചിട്ടുള്ളത് ” ഇതായിരുന്നു ടെറി നൽകിയ വിശദീകരണം.

ചെൽസിക്ക് വേണ്ടി 717 മത്സരങ്ങൾ കളിച്ച ഇതിഹാസതാരമാണ് ടെറി.5 പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഇദ്ദേഹം ചെൽസിയോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനുവേണ്ടി 78 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!