എവെർട്ടൺ താരത്തിന്റെ കഴുത്തിന് പിടിച്ചു തള്ളി കവാനി, റെഡ് കാർഡ് നൽകണമായിരുന്നുവെന്ന് ആരാധകർ, വീഡിയോ !

ഇന്നലെ നടന്ന ഇഎഫ്എൽ കപ്പ് ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവെർട്ടണെ തകർത്തു വിട്ടത്. മത്സരത്തിന്റെ 88-ആം മിനിറ്റിൽ എഡിൻസൺ കവാനിയും 90-ആം മിനുട്ടിൽ ആന്റണി മാർഷ്യലും നേടിയ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. എന്നാൽ ഗോൾ നേടുന്നതിന് മുമ്പ് എഡിൻസൺ കവാനിയുടെ ഭാഗത്തു നിന്നുണ്ടായ ചില സംഭവവികാസങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. എതിർ താരത്തിന്റെ കഴുത്തിന് പിടിച്ച് തള്ളിയിടുകയാണ് കവാനി ചെയ്തത്. എന്നാൽ ഇത് റഫറിയുടെ ശ്രദ്ധയിൽ പെടാതിരിക്കുകയും കവാനി കളത്തിൽ തുടരുകയുമായിരുന്നു. മാത്രമല്ല EFL കപ്പിൽ VAR ഇല്ലാത്തതും കവാനിക്ക്‌ തുണയാവുകയായിരുന്നു.

എവെർട്ടൻ താരം എറി മിനെയെയാണ് കവാനി കഴുത്തിന് പിടിച്ച് തള്ളിയിട്ടത്. ഇത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തവുമാണ്. പക്ഷെ കവാനിക്കെതിരെ നടപടി ഇല്ലാതിരിക്കുകയും താരം കളി തുടരുകയും നിർണായകമായ ഗോൾ ഉടൻ തന്നെ നേടുകയുമായിരുന്നു. അതേസമയം VAR ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ചുവപ്പ് കാർഡ് അർഹിക്കുന്നതാണ് താരത്തിന്റെ പ്രവർത്തി എന്നാണ് എവെർട്ടൻ ആരാധകരുടെ വാദം. സാമൂഹികമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കവാനിക്ക്‌ റെഡ് ലഭിച്ചിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെയെന്നും ആരാധകർ വാദിക്കുന്നുണ്ട്. ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഎഫ്എൽ കപ്പിന്റെ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *