എന്തൊരു നാണക്കേടാണ് ഇത്, ഏറ്റവും മോശം പ്രകടനം:യുണൈറ്റഡിനെതിരെ പൊട്ടിത്തെറിച്ച് നെവിൽ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ പരാജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം ഓൾഡ് ട്രഫോഡിൽ വെച്ച് അവരെ പരാജയപ്പെടുത്തുകയായിരുന്നു. വളരെ ദയനീയമായ പ്രകടനമാണ് മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ യുണൈറ്റഡ് നടത്തിയിട്ടുള്ളത്. അവരുടെ ഗോൾകീപ്പർ ആയ ഒനാനയുടെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇതിനേക്കാൾ വലിയ മാർജിനിൽ യുണൈറ്റഡ് പരാജയപ്പെടുമായിരുന്നു.
ഈ തോൽവിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഗാരി നെവിൽ രംഗത്ത് വന്നിട്ടുണ്ട്. വളരെയധികം നാണംകെട്ട ഒരു തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ടെൻഹാഗിന് കീഴിൽ യുണൈറ്റഡ് കളിച്ച ഏറ്റവും മോശം മത്സരം ഇതാണെന്നും നെവിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഈ പ്രകാരമാണ്.
” ഇനി യുണൈറ്റഡ് താരങ്ങൾ ചെയ്യേണ്ടത് ഒരു മീറ്റിംഗ് വിളിച്ചു ചേർക്കുക എന്നുള്ളതാണ്. മീറ്റിംഗിൽ പരിശീലകൻ ടെൻഹാഗ് പാടില്ല.എന്നിട്ട് ഭാവി പ്ലാനുകൾ എന്തൊക്കെയാണ് എന്നുള്ളത് താരങ്ങൾ തന്നെ തീരുമാനിക്കട്ടെ.ഇത് വളരെ നാണംകെട്ട ഒരു തോൽവിയാണ്.ടെൻഹാഗിന് കീഴിൽ യുണൈറ്റഡ് കളിച്ചിട്ടുള്ള ഏറ്റവും മോശം മത്സരമാണ് ഇത്.വളരെയധികം ഷോക്കിംഗ് ആയ ഒരു ദിവസമാണ് ഇത്.ഞാൻ ആകെ അമ്പരന്ന് ഇരിക്കുകയാണ്. യുണൈറ്റഡ് എത്രത്തോളം തരംതാഴ്ന്നു പോയി എന്നതാണ് ഇന്ന് എനിക്ക് കാണാൻ കഴിഞ്ഞത് ” ഇതാണ് യുണൈറ്റഡ് ഇതിഹാസമായ നെവിൽ പറഞ്ഞിട്ടുള്ളത്.
ആറുമത്സരങ്ങളിൽ നിന്ന് കേവലം 7 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണലും മോശം പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയിരുന്നത്.എന്നാൽ ഈ പരിശീലകനെ തന്നെ നിലനിർത്താൻ അവർ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇനി അധികം വൈകാതെ ടെൻ ഹാഗ് പുറത്താക്കപെട്ടാലും അതിൽ അത്ഭുതപ്പെടേണ്ടി വരില്ല.