ഇനിയും കിരീടങ്ങൾ നേടണം :ഹൂലിയൻ ആൽവരസ് പറയുന്നു.

അർജന്റൈൻ യുവ സൂപ്പർതാരമായ ഹൂലിയൻ ആൽവരസ് മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അർജന്റീന ദേശീയ ടീമിനോടൊപ്പം ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് നേടി. ചാമ്പ്യൻസ് ലീഗ് കിരീടവും FA കപ്പും നേടാനുള്ള സുവർണ്ണാവസരവും അദ്ദേഹത്തിന്റെ മുന്നിലുണ്ട്. തന്റെ കരിയറിൽ ഇതിനോടകം തന്നെ 10 കിരീടങ്ങൾ പൂർത്തിയാക്കാൻ ഹൂലിയൻ ആൽവരസിന് സാധിച്ചിട്ടുണ്ട്.

റിവർ പ്ലേറ്റിനൊപ്പം ആകെ 6 കിരീടങ്ങളാണ് ആൽവരസ് നേടിയിട്ടുള്ളത്. അർജന്റീന ദേശീയ ടീമിനോടൊപ്പം മൂന്ന് കിരീടങ്ങളും നേടി. സിറ്റിക്കൊപ്പം കിരീടം നേടിയിട്ടുണ്ട്. രണ്ട് കിരീടങ്ങൾ കയ്യെത്തും ദൂരത്താണ്. ഏതായാലും ഈ കിരീട നേട്ടങ്ങളിൽ ഹൂലിയൻ ആൽവരസ് വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“തീർച്ചയായും ഞാൻ വളരെയധികം ഹാപ്പിയാണ്.എന്റെ ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിച്ചു.ഈ ടീം ഈ കിരീടം അർഹിക്കുന്നുണ്ട്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച സീസൺ തന്നെയാണ്. പ്രീമിയർ ലീഗ് വളരെയധികം ബുദ്ധിമുട്ടുള്ള കോമ്പറ്റീഷൻ ആണ് എന്നത് ഞങ്ങൾക്കറിയാം. ഒരുപാട് കരുത്തുറ്റ ടീമുകൾ ഇവിടെയുണ്ട്.ആഴ്സണൽ അത് തെളിയിച്ചതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ മത്സരവും ഫൈനലുകളായിരുന്നു.പക്ഷേ ഞങ്ങൾ നല്ല രൂപത്തിൽ അതെല്ലാം കൈകാര്യം ചെയ്തു. അർഹിച്ച കിരീടം തന്നെയാണ് ഞങ്ങൾ നേടിയിട്ടുള്ളത്.എന്റെ ഈ ചെറിയ കരിയറിനുള്ളിൽ തന്നെ ഇത്രയും കിരീടങ്ങൾ നേടാനായി എന്നുള്ളതിൽ ഞാൻ ഹാപ്പിയാണ്.ഇത്തരം കിരീടങ്ങൾക്ക് വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്. പക്ഷേ ഏത് സ്ഥലത്താണോ നിങ്ങൾ നിൽക്കുന്നത് അതിനെ ആശ്രയിച്ചാണ് ഇതെല്ലാം നിലകൊള്ളുന്നത്.ഞങ്ങൾ ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകണം.ബാക്കിയുള്ള കിരീടങ്ങളും നേടണം. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നേ ഞങ്ങൾക്ക് FA കപ്പ് ഫൈനൽ ഉണ്ട്. പടിപടിയായി കൊണ്ട് ഞങ്ങൾ മുന്നോട്ടു പോകണം. ഇതെല്ലാം വിജയിക്കുകയും വേണം “ഹൂലിയൻ ആൽവരസ് പറഞ്ഞു.

ഹാലന്റിന്റെ സാന്നിധ്യം കൊണ്ട് ആൽവരസിന് അവസരങ്ങൾ കുറവാണെങ്കിലും കിട്ടുന്ന അവസരം താരം മുതലെടുക്കാറുണ്ട്.റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹം ഗോൾ നേടിയിരുന്നു. മാത്രമല്ല കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിലും ഈ അർജന്റൈൻ സൂപ്പർ താരം ഗോൾ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!