ആഴ്സണലിനെ കീഴടക്കി, പിന്നാലെ പരിശീലകൻ ആർട്ടെറ്റക്ക്‌ അഭിനന്ദനങ്ങളറിയിച്ച് മൊറീഞ്ഞോ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയെ ടോട്ടൻഹാം തകർത്തു വിട്ടത്. പതിമൂന്നാം മിനുട്ടിൽ കെയ്നിന്റെ അസിസ്റ്റിൽ നിന്ന് സൺ നേടിയ ഉജ്ജ്വലഗോളും നാല്പത്തിയഞ്ചാം മിനുട്ടിൽ സണ്ണിന്റെ അസിസ്റ്റിൽ നിന്ന് കെയ്ൻ നേടിയ ഉജ്ജ്വലഗോളുമാണ് ടോട്ടൻഹാമിന് വിജയം സമ്മാനിച്ചത്. ഇതോടെ ആഴ്സണൽ ഈ പ്രീമിയർ ലീഗിൽ ആറു മത്സരങ്ങളിൽ തോറ്റു കഴിഞ്ഞു. പതിനഞ്ചാം സ്ഥാനത്താണ് പോയിന്റ് പട്ടികയിൽ.

ടോട്ടെൻഹാമാവട്ടെ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഇരുപത്തിനാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മത്സരശേഷം ആഴ്സണൽ പരിശീലകനായ ആർട്ടെറ്റയെ അഭിനന്ദിച്ചിരിക്കുകയാണ് സ്പർസ് പരിശീലകൻ ഹോസെ മൊറീഞ്ഞോ. ബുദ്ധിമുട്ടേറിയ ഒരു മത്സരം കാഴ്ച്ചവെച്ചതിനാണ് ആഴ്സണലിനും പരിശീലകനും മൊറീഞ്ഞോയുടെ വക അഭിനന്ദനങ്ങൾ ലഭിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലായിരുന്നു മൊറീഞ്ഞോ ആർട്ടെറ്റയെ അഭിനന്ദിച്ചത്.

” ഏത് വിധേനെ എടുത്തു നോക്കിയാലും ഇതൊരു വലിയ മത്സരമായിരുന്നു. കേവലം ടോട്ടൻഹാം-ആഴ്സണൽ മത്സരം എന്ന പേര് മാത്രമല്ല ഉണ്ടായിരുന്നത്. ഞാൻ ആർട്ടെറ്റയെ അഭിനന്ദിക്കുന്നു. എന്തെന്നാൽ ഒരു ബുദ്ധിമുട്ടേറിയ മത്സരമാണ് അദ്ദേഹം ഞങ്ങൾക്ക്‌ തന്നത്. ടാക്ടിക്കൽപരമായി അവരായിരുന്നു മികച്ചു നിന്നത്. ഒത്തിണക്കത്തോടെ അവർ കളിച്ചു. ഞങ്ങൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിച്ചു. നല്ല ആത്മാർത്ഥയോടെയും ധൈര്യത്തോടെയുമാണ് അവർ കളിച്ചത്. അവർ മികച്ച ടീമാണ്. മികച്ച പരിശീലകനുമുണ്ട് ” മൊറീഞ്ഞോ തുടർന്നു.

” ഞങ്ങൾ മത്സരം നന്നായി ശ്രദ്ധിച്ചിരുന്നു. ആവിശ്യമായ മാറ്റങ്ങൾ വരുത്തി 2-0 യുടെ വിജയം സ്വന്തമാക്കി. ബുദ്ധിമുട്ടേറിയ മത്സരം വിജയിക്കാനുള്ള കാരണം എന്റെ താരങ്ങൾ നന്നായി കളിച്ചു എന്നുള്ളത് തന്നെയാണ്. ടീമിന്റെ റിസൾട്ടിലും പ്രകടനത്തിലും ഞാൻ സന്തോഷവാനാണ്. പക്ഷെ സെക്കന്റ്‌ ഹാൾഫ് മറ്റൊരു രീതിയിൽ കളിക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. ഏതായാലും മത്സരം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു ” മൊറീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *