MLS ലെ മികച്ച പുതുമുഖ താരം,ലയണൽ മെസ്സിക്ക് അവാർഡ് നഷ്ടമായി.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. അമേരിക്കയിൽ വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് ലീഗ്സ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ മെസ്സി ഇന്റർ മയാമിക്ക് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ആ ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും മെസ്സി തന്നെയായിരുന്നു.

എന്നാൽ അമേരിക്കൻ ലീഗിൽ അഥവാ MLS ൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. 6 മത്സരങ്ങൾ മാത്രം കളിച്ച മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുമായിരുന്നു നേടിയിരുന്നത്. എന്നിരുന്നാലും ഈ സീസണിലെ ഏറ്റവും മികച്ച പുതുമുഖ താരത്തിന് നൽകുന്ന അവാർഡിനുള്ള ഷോർട്ലിസ്റ്റ് MLS പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. 3 താരങ്ങളുടെ ലിസ്റ്റിലായിരുന്നു മെസ്സി ഇടം നേടിയിരുന്നത്. എന്നാൽ പുതുമുഖ താരത്തിനുള്ള ഈ അവാർഡ് സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.

അറ്റ്ലാന്റ യുണൈറ്റഡിന്റെ ജോർജോസ് ജിയാകുമാക്കിസാണ് ഈയൊരു പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. അർഹിച്ച ഒരു പുരസ്കാരം തന്നെയാണ് ഈ ഗ്രീക്ക് സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്.ഈ സീസണിൽ ക്ലബ്ബിലേക്ക് എത്തിയ അദ്ദേഹം 17 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് അറ്റ്ലാന്റ ഈ അവാർഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ അർജന്റൈൻ സൂപ്പർതാരമായ തിയാഗോ അൽമേഡയായിരുന്നു ഈ അവാർഡ് നേടിയിരുന്നത്.

ജേണലിസ്റ്റുകൾ,താരങ്ങൾ, പരിശീലകർ എന്നിവരുടെ വോട്ടുകൾ പരിഗണിച്ചുകൊണ്ടാണ് ഈ പുരസ്കാരം അമേരിക്കയിൽ സമ്മാനിക്കുന്നത്. പരിക്ക് കാരണം മെസ്സിക്ക് ലീഗിലെ പല മത്സരങ്ങളും നഷ്ടമായിരുന്നു. മാത്രമല്ല ഇന്റർ മയാമിക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല. ഇനി ലയണൽ മെസ്സി വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടിയാണ് അടുത്തതായി കൊണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *